ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കാൻ എട്ടുവർഷം മുമ്പ് കണ്ടെത്തിയ പാടശേഖരം വാങ്ങുന്നതിനെതിരെ എതിർത്ത പ്രതിപക്ഷം ഇപ്പോൾ ഭരണത്തിലേറിയപ്പോൾ ഇതേ പാടശേഖരം വാങ്ങാൻ നീക്കംനടത്തുന്നതിന്റെ പേരിൽ വിവാദം.

എൽ.ഡി.എഫിന്റേത് ഇരട്ടത്താപ്പാണെന്നാണ് ആരോപണം. കൃഷിനിലങ്ങൾ സംരക്ഷിക്കുമെന്നും തരിശായ പാടശേഖരങ്ങളിൽ പാടശേഖരസമിതികൾ രൂപീകരിച്ച് കൃഷിയിറക്കണമെന്നാവശ്യപ്പെട്ടാണ് 2010 -15 കാലഘട്ടത്തിൽ കോൺഗ്രസ് ഭരിക്കുമ്പോൾ നിർദ്ദേശത്തെ എൽ.ഡി.എഫ് എതിർത്തത്. 2015 - 20 കാലഘട്ടത്തിൽ യു.ഡി.എഫ് വീണ്ടും അധികാരത്തിലേറിയപ്പോഴും ഇതേ നിർദ്ദേശം വീണ്ടും പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിച്ചപ്പോഴും എൽ.ഡി.എഫിന് സമാനനിലപാടായിരുന്നു. പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ വിയോജിപ്പ് രേഖപ്പെടുത്തിയെങ്കിലും ഭൂരിപക്ഷ തീരുമാനപ്രകാരം തീരുമാനമെടുത്ത് സർക്കാർ അംഗീകാരത്തിനായി അയച്ചു.

ഇതിനോട് ആറ് നിർദ്ദേശങ്ങളടങ്ങിയ തിരുത്താണ് സർക്കാർ നൽകിയത്. ഈ നിർദ്ദേശങ്ങൾ പാലിച്ച് ഇതേ പാടശേഖരം വാങ്ങുന്നതിനാണ് ഇപ്പോൾ ഭരണത്തിലിരിക്കുന്ന പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനം. ഇതിനായി പത്തംഗ ഉപസമിതിയെ തിരഞ്ഞെടുത്തിട്ടുണ്ട്. ഭൂമി വാങ്ങുന്നതിനായി മുൻ ഭരണസമിതി കണ്ടെത്തിയ 3.54 കോടി രൂപ എടത്തല സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരിക്കുകയാണ്. ഇടുങ്ങിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത് എട്ടുവർഷം തടസപ്പെടുത്തിയ എൽ.ഡി.എഫ് ജനങ്ങളോട് മാപ്പ് പറയണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

ഒരു കോടി രൂപക്ക് മുകളിൽ വിലവരുന്ന ഭൂമിയായതിനാൽ പ്രത്യേക പഞ്ചായത്ത് കമ്മിറ്റി യോഗം ചേർന്ന് തീരുമാനമെടുത്ത് സർക്കാരിനെ അറിയിക്കണം. തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽപ്പെടുന്ന സ്ഥലമായതിനാൽ ആർ.ഡി.ഒയുടെ റിപ്പോർട്ട് സഹിതമാണ് സർക്കാരിന് അപേക്ഷ നൽകേണ്ടത്. ഗവ. പ്ലീഡർമാരിൽ നിന്ന് നിയമോപദേശവും തേടണം. സർക്കാർ നിർദ്ദേശങ്ങൾ പാലിച്ച് ഭൂമി വാങ്ങുന്നതിന് യു.ഡി.എഫ് എതിരല്ലെന്നും എന്നാൽ വർഷങ്ങളോളം നിർമ്മാണപ്രവർത്തനങ്ങൾ നഷ്ടപ്പെടുത്തിയ എൽ.ഡി.എഫ് ജനങ്ങളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് എൻ.എച്ച്. ഷെബീർ ആവശ്യപ്പെട്ടു.