കുറുപ്പംപടി: ആലുവ മൂന്നാർ റോഡിൽ തീയറ്റർ പടിക്ക് സമീപം മുറിച്ചിട്ടിരിന്ന തടിയും മരച്ചില്ലകളും പി.ഡബ്ല്യു.ഡി നീക്കം ചെയ്തു. റോഡിൽ കിടന്ന തടിയും മരച്ചില്ലകളും അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും പി.ഡബ്ല്യു.ഡി എക്സിക്യുട്ടീവ് എൻജിനീയറെ ഫോണിൽ വിളിച്ച് അപകട സാധ്യതകൾ അറിച്ചു.
ഇതിനെ തുടർന്നാണ് പി.ഡബ്ല്യു.ഡി കുറുപ്പംപടി സെക്ഷൻ എക്സിക്യുട്ടീവ് എൻജിനീയർ ഇടപെട്ട് മരച്ചില്ലകളും തടികളും റോഡിൽ നിന്നും നീക്കം ചെയ്തത്. താത്കാലികമായി റോഡിന് അകലെയുള്ള മറ്റൊരു വശത്തേക്ക് തടിയും മരച്ചില്ലകളും മാറ്റിയിരിക്കുന്നത്. ഇവിടെ നിന്നും ഇത് നീക്കണമെങ്കിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് അനുമതി ആവശ്യമാണെന്ന് എ.ഇ പറഞ്ഞു.
എ.ഇയെ വിവരങ്ങൾ ധരിപ്പിച്ചപ്പോൾ കൃത്യമായി ഇടപെടലുകൾ നടത്തി നടപടിക്രമങ്ങൾ ആരംഭിച്ചു. തടിയും മരച്ചില്ലകളും നീക്കം ചെയ്യുന്നതിന് വേണ്ടി കോൺട്രാക്ടർ എടുത്ത ആളുകൾ കൃത്യമായി ജോലികൾ ചെയ്യാതിരുന്നതാണ് കുഴപ്പങ്ങൾ സൃഷ്ടിച്ചത്. വഴിയരികിൽ ജനങ്ങൾക്ക് ഭീഷണിയായി നിൽക്കുന്ന മരങ്ങളെല്ലാം മുറിച്ച് മാറ്റുന്നതിനുള്ള നടപടികൾ കൈക്കൊള്ളേണ്ടതാണ്.
കുര്യൻ പോൾ,രായമംഗലം ഒന്നാം വാർഡ് മെമ്പർ
റോഡരികിൽ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ച് മാറ്റുന്നതിനുള്ള നടപടിക്രമങ്ങൾക്ക് എപ്പോഴും കാലതാമസം ഉണ്ടാകുന്നുണ്ട്. പൊതുമരാമത്ത് വകുപ്പും, സോഷ്യൽ ഫോറസ്ട്രിയും ചേർന്ന് കാലവർഷത്തിനു മുമ്പ് ഇതിനൊരു പരിഹാരം ഉണ്ടാക്കേണ്ടതാണ്. അപകടങ്ങൾ സംഭവിച്ചിട്ട് പരിഹാരം ഉണ്ടാക്കുകയല്ല വേണ്ടത്.
എൻ.പി.അജയകുമാർ ,രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്