കൊച്ചി: ലക്ഷദ്വീപിൽ കടൽത്തീരത്തിന് 20 മീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾ പൊളിക്കാൻ ഭരണകൂടം നൽകിയ നോട്ടീസിന് ഉടമകൾ നാളെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർക്ക് മറുപടി നൽകും. കവരത്തിയിൽ 107 കെട്ടിടങ്ങൾക്കും സുഹേലിയിൽ 22 കെട്ടിടങ്ങൾക്കും കവരത്തി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറും, ചെറിയം ദ്വീപിൽ 18 കെട്ടിടങ്ങൾക്ക് കൽപ്പേനി ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസറുമാണ് നോട്ടീസ് നൽകിയത്.
കവരത്തിയിൽ ഇനിയും കെട്ടിടങ്ങൾ പൊളിച്ചു നീക്കാനുണ്ടെന്നും അവ പരിശോധിച്ചു വരികയാണെന്നും അധികൃതർ അറിയിച്ചു. കവരത്തിയിൽ 30ലധികം കെട്ടിടങ്ങൾക്കും സുഹേലിയിലും ചെറിയം ദ്വീപിലും 20ലധികം കെട്ടിടങ്ങൾക്കും നോട്ടീസ് ലഭിക്കാൻ സാദ്ധ്യതയുണ്ടെന്ന് ദ്വീപുവാസികൾ പറഞ്ഞു.കവരത്തിയിലെ കെട്ടിടങ്ങളിൽ വീടുകളുമുണ്ട്. സുഹേലിയിലും ചെറിയം ദ്വീപിലും മത്സ്യത്തൊഴിലാളികളുടെ താൽക്കാലിക ഷെഡുകളാണ് പൊളിക്കേണ്ടി വരിക.