പെരുമ്പാവൂർ: കളഞ്ഞുപോയ ജാതിപത്രി നിറച്ച ചാക്ക് ഉടമയ്ക്ക് തിരികെ കിട്ടി.ആന്റോപുരം ഈസ്റ്റ് ഒക്കൽ കൂനത്താൻ പൗലോസ് കുറിച്ചിലക്കോടിന്റെ 40 കിലോയോളം തൂക്കമുള്ള ജാതിപത്രിയുടെ ചാക്കാണ് നഷ്ടപ്പെട്ടിരുന്നത്.
കഴിഞ്ഞ ദിവസം രാത്രിയിൽ തന്റെ വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ടുവരികയായിരുന്ന ജാതിപത്രിയുടെ ചാക്ക് യാത്രക്കിടയിൽ നഷ്ടപ്പെട്ടുകയായിരുന്നു.
ഒക്കലിലെ മില്ലിൽ ചരക്കിറക്കി തിരിച്ചു വരികയായിരുന്ന ബേബിക്കും സുഹൃത്തുക്കൾക്കുമാണ് വഴിയിൽ കിടന്ന ചാക്കുകെട്ട് കിട്ടിയത്. വഴിയിലെ കവലയിലും മറ്റും ആളുകളോട് വിവരം പറയുകയും അന്വേഷണം നടത്തുകയും ചെയ്തെങ്കിലും ഉടമയെ കണ്ടെത്താൻ കഴിഞ്ഞില്ല.
ചാക്ക് നഷ്ടപ്പെട്ട പൗലോസ് വിവരം വാർഡ് മെമ്പർ സാബു മൂലനെ അറിയിക്കുകയും മെമ്പർ അത് വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പങ്കുവെക്കുകയും ചെയ്തു. രാവിലെ മെമ്പറിനോട് ചാക്ക് ലഭിച്ചതായി ബേബി അറിയിക്കുകയായിരുന്നു. തുടർന്ന് പൗലോസ് ബേബിയുടെ അടുത്തെത്തി മെമ്പറുടെ സാന്നിധ്യത്തിൽ ചാക്ക് ഏറ്റുവാങ്ങി.