എസ്.ഐ ആനി ശിവ നാളെ കൊച്ചിയിൽ ചുമതലയേൽക്കും
കൊച്ചി: ''ഇതിലും വലുതായി എനിക്ക് എങ്ങനെയാണ് എന്റെ ഇന്നലെകളോട് പ്രതികാരം ചെയ്യാനാകുക...?'' വർക്കല സ്റ്റേഷനിലെ എസ്.ഐ ആനി ശിവ എഴുതിയ വരികൾ എല്ലാം നഷ്ടപ്പെട്ടവർക്ക് ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരാൻ പ്രചോദനം നൽകുന്നതാണ്. ഇല്ലായ്മകൾക്കും ഒറ്റപ്പെടലിനുമെതിരെ പേരാടിയ അവർ നാളെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എസ്.ഐയായി ചുമതല ഏൽക്കും. പിന്നിട്ട പാതകളെക്കുറിച്ചും ആഗ്രഹങ്ങളെക്കുറിച്ചും ആനി കേരളകൗമുദിയോട് സംസാരിക്കുന്നു.
എന്തു കൊണ്ട് പൊലീസ്?
സ്കൂളിൽ പഠിക്കുമ്പോൾ മുതലുള്ള ആഗ്രഹമാണ്. അമ്മയ്ക്കും അങ്ങനെ തന്നെ. കിരൺ ബേദിയുടെ ആരാധികയാണ്.
ജീവിതത്തിൽ കരുത്തേകിയത്?
എല്ലാം നഷ്ടപ്പെട്ടപ്പോഴും റോൾ മോഡൽ അച്ഛനായിരുന്നു. ജീവിച്ചു കാണിക്കട്ടെയെന്ന ആ വാക്കാണ് ഇവിടെ എത്തിച്ചത്. ഐ.പി.എസുകാരിയെന്നതായിരുന്നു അച്ഛന്റെ ആഗ്രഹം.
തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക്?
മകൻ സൂര്യശിവ തിരുവനന്തപുരം സെന്റ് ജോസഫിൽ ഏഴാം ക്ലാസിലാണ്. അവന് സ്പോർട്സിലാണ് കമ്പം. മാർഷ്യൽ ആർട്സും പഠിക്കുന്നുണ്ട്. കൊച്ചി അവന്റെ കരിയറിന് ഗുണമാകുമെന്നതിനാലാണ് മാറ്റം ആവശ്യപ്പെട്ടത്. എന്റെ കണ്ണീർ വീണ തിരുവനന്തപുരത്ത് കാത്തിരിക്കാൻ ആരുമില്ല. മാറ്രത്തിന് ഈ കാരണം കൂടിയുണ്ട്.
ഇങ്ങനെ പോസ്റ്റിടാൻ കാരണം?
സാധാരണ ഫേസ്ബുക്കിൽ കുറിപ്പിടുന്ന ആളാണ്. ഈ നാലുവരി ഇത്ര വൈറലാകുമെന്ന് കരുതിയില്ല.
പിന്നിട്ട പാതയെക്കുറിച്ച് ഓർക്കുമ്പോൾ?
കയ്പേറിയ അനുഭവമാണ് നിറയെ. ജീവിക്കാനായി മുടി മുറിക്കേണ്ടി വന്നു. സ്ത്രീ ഒറ്റയ്ക്കായിപ്പോകുമ്പോൾ സമൂഹത്തിന്റെ മുഖം മാറും. എല്ലാം തരണം ചെയ്താണ് ഇവിടെ വരെ എത്തിയത്. കൂടുതലൊന്നും ഇപ്പോൾ പറയുന്നത് ശരിയല്ല.
കൊച്ചിയിൽ എന്ന് ചുമതലയേൽക്കും ?
ഇപ്പോൾ വർക്കലയിലാണുള്ളത്. ഇന്ന് റിലീവിംഗ് നടപടികൾ പൂർത്തിയാക്കി നാളെ കൊച്ചിയിൽ എത്താനാണ് ആഗ്രഹം. പ്രോബേഷൻ കാലയളവ് കൊച്ചിയിൽ ആയിരുന്നതിനാൽ എല്ലാവരുമായി പരിചയമുണ്ട്.
ജോലിയായി, സേഫായി... ഇനി ?
ഞാൻ കാരണമാണ് അച്ഛനും അമ്മയും അകന്നത്. അവർ ഒന്നിക്കണമെന്നാണ് ആഗ്രഹം. വാർത്തകൾ കണ്ട് അച്ഛൻ വിളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകാത്ത എനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ഹാപ്പിയായി ജീവിക്കണം.