കൊച്ചി: സ്ത്രീധനമെന്ന അനാചാരത്തിനെതിരെ എസ്.എൻ.ഡി.പി യോഗം പ്രവർത്തകർ രംഗത്തിറങ്ങണമെന്നും ബോധവത്കരണ പരിപാടികൾ ഉടനെ ആരംഭിക്കണമെന്നും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആഹ്വാനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ജില്ലാ നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന:സാക്ഷിയെ നൊമ്പരപ്പെടുത്തുന്ന സംഭവങ്ങളാണ് സ്ത്രീധനത്തിന്റെ പേരിൽ അടുത്തിടെ കേരളത്തിൽ അരങ്ങേറിയത്. സമൂഹത്തിന് ഇത് അപമാനമാണ്. ശ്രീനാരായണ ഗുരു തന്നെ സ്ത്രീധനം മക്കളെ കച്ചവടം ചെയ്യുന്ന ഏർപ്പാടാണെന്ന് പറഞ്ഞിട്ടുണ്ട്. പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളാണ് ഈ അനാചാരത്തിന്റെ ഇരകളിലേറെയും. യോഗം വനിതാസംഘങ്ങളുടെ നേതൃത്വത്തിലും കുമാരീ സംഘങ്ങളിലൂടെയും യൂത്ത്മൂവ്മെന്റിലൂടെയും സ്ത്രീധനത്തെ നേരിടുന്നതിനെയും അവരിൽ ആത്മവിശ്വാസം വളർത്തുന്നതിനെയും കുറിച്ച് ക്ളാസുകൾ നൽകും.
കേരളം കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിൽ മുങ്ങിയപ്പോൾ എസ്.എൻ.ഡി.പി യോഗം ആവിഷ്കരിച്ച ഗുരുകാരുണ്യം പദ്ധതി കേരളത്തിൽ ചരിത്രം സൃഷ്ടിച്ചതായി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേരളത്തിലും പുറത്തുമുള്ള എസ്.എൻ.ഡി.പി യൂണിയനുകളും അയ്യായിരത്തിലേറെ ശാഖകളും ചേർന്ന് കോടികളുടെ സഹായ പദ്ധതികളാണ് നടപ്പാക്കിയത്. നിശബ്ദമായി നടന്ന ഈ സേവനപദ്ധതിയിലൂടെ സംസ്ഥാനത്തും പുറത്തുമുള്ള പതിനായിരക്കണക്കിന് വീടുകളിൽ സഹായകിറ്റുകളും അന്നവസ്ത്രാദികളും മരുന്നുകളും പഠനോപകരണങ്ങളും എത്തിച്ചതായി അദ്ദേഹം അറിയിച്ചു.
ഓൺലൈനിൽ നടന്ന സമ്മേളനത്തിൽ ജില്ലയിലെ ഒമ്പത് യൂണിയനുടെയും ഭാരവാഹികൾ പങ്കെടുത്തു.