കൊച്ചി: മഹാരാജാസ് കോളേജ് ഹോക്കി ഗ്രൗണ്ട് വിഷയം ചർ‌ച്ചചെയ്യാൻ അടിയന്തരയോഗം വിളിച്ച് കായികമന്ത്രി വി. അബ്ദുൾ റഹ്മാൻ. വിവിധ പരിപാടികളുടെ ഭാഗമായി കൊച്ചിയിൽ എത്തിയ മന്ത്രിക്ക് ഹോക്കി ഫെഡറേഷൻ ഭാരവാഹികൾ നൽകിയ നിവേദനം പരിഗണിച്ചാണ് തീരുമാനം. തിരുവനന്തപുരത്തായിരിക്കും യോഗം ചേരുക. ഇന്നലെ വൈകിട്ട് മന്ത്രി ഹോക്കി ഗ്രൗണ്ടിന്റെ ശോച്യാവസ്ഥ നേരിൽകണ്ട് വിലയിരുത്തി. നിവേദനത്തോടൊപ്പം ഹോക്കി സ്റ്രിക്കും താരങ്ങൾ നൽകിയിരുന്നു. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യത്തോട് മന്ത്രിയുടെ പ്രതികരണം ഇങ്ങനെ. ''ഞാനല്ലേ പറയുന്നേ..ഹോക്കി ഗ്രൗണ്ട് ഉറപ്പാണ്''

കഴിഞ്ഞ ബുധനാഴ്ചയാണ് ചെളിക്കുളമായ ഹോക്കിഗ്രൗണ്ടിൽ കായികതാരങ്ങൾ നെൽവിത്തുപാകി പ്രതിഷേധിച്ചത്. പരാതികൾ നൽകിയിട്ടും ഉദ്യോഗസ്ഥരെ കണ്ട് ദുരിതങ്ങൾ പങ്കുവച്ചിട്ടും ഹോക്കി ഗ്രൗണ്ടിനെ ചെളിക്കുണ്ടിൽനിന്ന് കരകയറ്റാൻ ആരും തയ്യാറാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു മുൻ താരങ്ങളടക്കം അണിനിരന്ന് സമരം സംഘടിപ്പിച്ചത്. വേഗത്തിൽ നടപടി ഉണ്ടായതിന്റെ സന്തോഷത്തിലാണ് ഹോക്കി ഫെഡറേഷൻ.

 പാലിക്കാതെപോയ വാഗ്ദാനം

2013ലാണ് ഹോക്കി ഗ്രൗണ്ട് കെ.എം.ആർ.എൽ ഏറ്റെടുത്തത്. തിരികെ കൈമാറുമ്പോൾ മികച്ച ഗ്രൗണ്ടായിരുന്നു വാഗ്ദാനം.നിർമ്മാണ പ്രവർത്തനങ്ങൾക്കൊപ്പം ഗ്രൗണ്ടിൽ ചെളിയും മറ്റും നിക്ഷേപിച്ചത് വിദ്യാർത്ഥി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സ്റ്റേഷൻ നിർമ്മാണം പൂർത്തിയായതോടെ ഗ്രൗണ്ട് പാർക്കിംഗിനായി അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ അധികൃതരും വിദ്യാർത്ഥികളും എതിർത്തു. ഇതിനുശേഷമാണ് ഗ്രൗണ്ട് നവീകരണത്തിൽനിന്ന് കെ.എൽ.ആർ.എൽ പിന്നാക്കം പോതെന്ന് കായികതാരങ്ങൾ ആരോപിക്കുന്നു. ഇക്കാര്യം കെ.എം.ആർ.എല്ലുമായി സംസാരിച്ചെങ്കിലും ഫണ്ടില്ലെന്നാണ് അറിയിച്ചത്.