കൊച്ചി: ഐ.എസ്.ആർ.ഒ ഗൂഢാലോചന കേസിൽ ഒന്നും രണ്ടും പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥർ എസ്. വിജയൻ, തമ്പി എസ്. ദുർഗാദത്ത് എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകി. ഐ.എസ്.ആർ.ഒയിലെ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കിയതിന് പിന്നിലെ ഗൂഢാലോചന കണ്ടെത്താൻ സുപ്രീം കോടതിയുടെ നിർദേശപ്രകാരം സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളാണിവർ.
സ്‌പെഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്ടറായിരിക്കെ എസ്. വിജയൻ തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 1994 ൽ തിരുവനന്തപുരം വഞ്ചിയൂർ സ്‌റ്റേഷനിൽ ചാരക്കേസ് രജിസ്റ്റർ ചെയ്തത്. തമ്പി എസ്. ദുർഗാദത്ത് എസ്.ഐയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെന്ന നിലയിലുള്ള ചുമതലയാണ് നിർവഹിച്ചതെന്ന് ഹർജിയിൽ പറയുന്നു. 11-ാം പ്രതിയായ മുൻ ഡെപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫീസർ പി.എസ്. ജയപ്രകാശിന്റെ മുൻകൂർ ജാമ്യഹർജി ജൂലായ് ഒന്നിന് കോടതി പരിഗണിക്കും. ജയപ്രകാശിന്റെ ജാമ്യഹർജിയെ എതിർത്ത് നമ്പി നാരായണൻ ഹൈക്കോടതിയിൽ ഉപഹർജി നൽകി.