ആലുവ: നഗരമദ്ധ്യത്തിൽ വൈദ്യുതി പോസ്റ്റിൽ തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ആലുവ സ്വകാര്യ ബസ് സ്റ്റാൻഡ് - ബാങ്ക് കവല റോഡിൽ തറയിൽ ബിൽഡിംഗിന് സമീപത്തെ പോസ്റ്റിൽ കഴിഞ്ഞ രാത്രി 7.15ഓടെയാണ് തീപിടിത്തമുണ്ടായത്. ഫയർ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. പത്ത് മിനിറ്റിനകം തീയണച്ചു. പോസ്റ്റിൽ കെ.എസ്.ഇ.ബി സ്ഥാപിച്ചിട്ടുള്ള ഫൈബർബോക്സിൽ നിന്നാണ് തീ പിടിച്ചതെന്ന് കച്ചവടക്കാർ പറഞ്ഞു. കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിൽ നിന്നുള്ളവരും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞദിവസം ഇതേസെക്ഷനിലെ ശ്രീകൃഷ്ണ ടെമ്പിൾ റോഡിലെ പോസ്റ്റിനും സമാനമായ രീതിയിൽ തീപിടിച്ചിരുന്നു.