vivek

കൊച്ചി: ബൈക്ക് കവർച്ച കേസിലെ രണ്ടാം പ്രതി ചേരാനല്ലൂർ ഇടയക്കുന്നം കാവിൽമടം വീട്ടിൽ വിവേകിനെ (25) ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതി ചേരാനല്ലൂർ പള്ളിക്കവല നെടിയകുളങ്ങര വീട്ടിൽ നിതിൻ(25) നേരത്തെ പിടിയിലായിരുന്നു. ഫെബ്രുവരി 28ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഇടപ്പള്ളി മന്നം റോഡിന് സമീപത്ത് വച്ച് മയക്കുമരുന്നു സംഘത്തിൽപ്പെട്ട രണ്ടു സംഘങ്ങൾ തമ്മിൽ വാക്കേറ്റമാകുകയും നിതിൻ, വിവേക് എന്നിവർ ഉൾപ്പെടുന്ന സംഘം പരാതിക്കാരനായ യുവാവിനെ മർദിച്ചവശനാക്കിയ ശേഷം ബൈക്കുമായി കടന്നു കളയുമായിരുന്നു. കൊല്ലം സ്വദേശിയായ യുവാവിനെയും സുഹൃത്തിനെയുമാണ് മർദ്ദിച്ചത്.
നിതിന്റെ അറസ്റ്റിനെ തുടർന്ന് ഒളിവിൽ പോയ വിവേക് ബംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽ കഴിഞ്ഞതിനുശേഷം നാട്ടിലെത്തിയപ്പോളാണ് അറസ്റ്റു ചെയ്തത്. നിതിന്റെ പക്കൽ നിന്ന് ബൈക്ക് കണ്ടെടുത്തിരുന്നു. ചേരാനല്ലൂർ എസ്.എച്ച്.ഒ വി.കെ. വിജയരാഘവൻ, എസ്.ഐമാരായ കെ.എം. സന്തോഷ് മോൻ, എ.കെ. എൽദോ, എ.എസ്‌ഐ. ഷിബു ജോർജ്ജ്, സി.പി.ഓമാരായ ശ്രീരാജ്, അനീഷ്, നിതിൻ എന്നിവിരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.