വൈപ്പിൻ: തീരജനതയുടെ ജീവിതം സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി പുതുവൈപ്പിൽ അഞ്ചുകോടി രൂപ ചെലവിൽ അത്യാധുനിക മത്സ്യവിഭവസംസ്‌കരണ കേന്ദ്രവും ജലാശയങ്ങളുടെയും മറ്റും ജൈവശേഷി നിർണയിക്കാനായി സഞ്ചരിക്കുന്ന ലബോറട്ടറിയും ആരംഭിക്കുന്നതിനും നടപടി സ്വീകരിച്ചതായി കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ പറഞ്ഞു. കടലോരം സംരക്ഷിക്കാൻ കൊച്ചിൻ പോർട്ട് ഉണരണം എന്നാവശ്യപ്പെട്ട് തീരഭവനങ്ങളിൽ നടത്തിയ വിളക്കേന്തി പ്രതിഷേധം എളങ്കുന്നപ്പുഴ ഫിഷറീസ് കോളനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തീരജനതയുടെ പ്രതിഷേധം അവഗണിക്കുന്ന നിലപാട് പോർട്ട് ട്രസ്റ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) വില്ലേജ് പ്രസിഡന്റ് പി .വി. വൽസൻ, സെക്രട്ടറി വി.കെ. തമ്പി, വാർഡ് അംഗം കെ.ആർ. സുരേഷ്ബാബു, എ.കെ. ശശി, അഡ്വ.സുനിൽ ഹരീന്ദ്രൻ, കെ.എസ്. രാധാകൃഷ്ണൻ, ടി.സി. ചന്ദ്രൻ, പി.വി. അശോകൻ, സെയ്ത്, ഷിബു, സുർജിത്ത്, പ്രേമൻ എന്നിവർ സംസാരിച്ചു.