lakshadweep

കൊച്ചി: ലക്ഷദ്വീപിന്റെ സ്വഭാവികത നിലനിറുത്തി വിവാദ നടപടികൾ ഒഴിവാക്കണമെന്നുള്ള പ്രതിഷേധങ്ങൾ കടുപ്പിക്കുന്നതിനിടയിൽ വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു മുന്നേറുകയാണ് ഭരണകൂടം. ഓരോ പ്രതിഷേധവും ശക്തി പ്രാപിക്കുന്നതിന് അനുസരിച്ച് ദ്വീപിൽ വിവാദ നടപടികൾ അധികൃതർ നടത്തുകയാണ്.

ലക്ഷദ്വീപിലെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതുമുതലുള്ള പദ്ധതികളിലൂടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പാട്ടേലിന്റെ ഏകാധിപത്യ നടപടികൾ ദ്വീപിലെ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിക്കുന്നു എന്നാണ് ആക്ഷേപം. ജനങ്ങൾക്കുവേണ്ടി അവർ തന്നെ രൂപീകരിച്ച സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ഭാഗമായി ഇതിനോടകം നിരവധി പ്രതിഷേധങ്ങൾ ദ്വീപിൽ നടത്തി. സാമ്പത്തിക പ്രതിന്ധിയുടെ പേര് പറഞ്ഞ് ജോലിയിൽ നിന്ന് ആളുകളെ പിരിച്ചുവിട്ടതിന് ശേഷം അഡ്മിനിസ്ട്രേറ്ററുടെ ഒരുതവണത്തെ ആഡംബര യാത്രച്ചെലവ് പുറത്തായതോടെ ജനങ്ങളുടെ പ്രതിഷേധം ആളിപ്പടരുകയായിരുന്നു. ഒരുതവണ ദ്വീപിലേക്ക് എത്തുന്നതിന് 23 ലക്ഷം രൂപയാണ് അഡ്മിനിസ്ട്രേറ്റർ ചെലവിടുന്നത്. 14ന് ദ്വീപിൽ എത്തിയ അഡ്മിനിസ്ട്രേറ്ററുടെ വിവിധ പ്രവ‌ർത്തനങ്ങൾ ദ്വീപുവാസികൾ എതിർപ്പുകൾ ഉയർത്തിയിരുന്നു. വൈദ്യുതി സ്വകാര്യ വത്കരണവും ഭൂമി അളന്ന് കൊടി നാട്ടിയതും ഇതിനുദാഹരണങ്ങളാണ്. വൈദ്യുത സ്വകാര്യവത്കരണത്തിന്റെ ഭാഗമായി ദ്വീപിലെ വൈദ്യുത പദ്ധതി കമ്പനികൾക്ക് നൽകുന്നതിലുടെ ജോലി അവതാളത്തിലാകുമോ എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനായി ദ്വീപിലെ ജനങ്ങളുടെ സ്ഥലങ്ങൾ അളന്നു തിരിച്ചു കൊടികെട്ടിയതും വിവാദമായിരുന്നു. ഇതിനിടയിൽ അയിഷ സുൽത്താനയുടെ ചാനൽ ചർച്ചയിലെ ജൈവായുധ പരാമർശം രാജ്യത്തിന് എതിരാണെന്ന് കാട്ടി ബി.ജെ.പി ലക്ഷദ്വീപ് ഘടകം പ്രസിഡന്റ് അബ്ദുൾ ഖാദർ ഹാജിയുടെ പരാതിയും വലിയ വിവാദത്തിനു വഴിവച്ചു. അയിഷയ്ക്ക് എതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ് എടുത്തതിൽ പ്രതിഷേധിച്ചു ലക്ഷദ്വീപിൽ ബി.ജെ.പിയിൽ കൂട്ട രാജിയാണ് നടന്നത്. കൂടാതെ സേവ് ലക്ഷദ്വീപ് ഫോറത്തിൽ നിന്നും ബി.ജെ.പിയെ ഒഴിവാക്കുകയും ചെയ്തു.

lakshadweep2

ദ്വീപിലെ ലോക്ക്ഡൗൺ പിൻവലിച്ചതോടെ ജനങ്ങൾ പോതുസ്ഥലങ്ങളിൽ പ്രതിഷേധിക്കാനുള്ള തയ്യാറെടുപ്പിൽ എത്തിയപ്പോൾ വീണ്ടും അടുത്ത സർക്കുലർ ഇറങ്ങി. പൊതുജനങ്ങൾ ഒന്നിക്കുന്ന എല്ലാ പരിപാടികൾക്കും ജില്ലാ കളക്ടറുടെ അനുമതി തേടണമെന്നും. നിലവിൽ ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുള്ളതിനാൽ ഇനിമുതൽ നടപടി എടുക്കുമെന്നുമാണ് സ‌ർക്കുലർ.

കുറ്റകൃത്യങ്ങൾ ഏറെക്കുറവുള്ള ലക്ഷദ്വീപിലെ കവരത്തി, അന്ത്രോത്ത്, മിനിക്കോയ്, അമിനി ദ്വീപുകളിലെ ജയിൽ കെട്ടിടങ്ങൾ നവീകരിച്ച് കൂടുതൽ ആളുകളെ ഉൾക്കൊള്ളിക്കാനുള്ള സൗകര്യം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഇതിലൂടെ ഗുണ്ട ആക്ട് നടപ്പിലാക്കി ആളുകളെ തടങ്കലിലാക്കാനും പ്രതിഷേധങ്ങളെ അടിച്ചമർത്തി ആളുകളെ അറസ്റ്റ് ചെയ്യാനുമാണ് നീക്കമെന്നും ആക്ഷേപമുണ്ട്.

ഒപ്പം ലക്ഷദ്വീപിൽ കടൽത്തീരത്തിന് 20 മീറ്റ‌റിനുള്ളിൽ സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾ പൊളിക്കാൻ ഭരണകൂടം നിർദ്ദേശം നൽകിയതിന്റെ ഭാഗമായി കെട്ടിടയുടമകൾ നാളെ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർമാർക്ക് മറുപടി കത്ത് നൽകാനും തീരുമാനിച്ചിട്ടുണ്ട്. കവരത്തി, സുഹേലി, ചെറിയം ദ്വീപുകളിലാണ് അധികൃതർ കെട്ടിടങ്ങൾ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നൽകിയത്. കവരത്തിയിൽ 107 കെട്ടിടങ്ങൾക്കും സുഹേലിയിൽ 22 കെട്ടിടങ്ങൾക്കുമാണ് കവരത്തി ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫീസ‌ർ കത്തു നൽകിയത്. ചെറിയം ദ്വീപിൽ 18 കെട്ടിടങ്ങൾക്ക് കൽപ്പേനി ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസറും കത്തു നൽകിയിട്ടുണ്ട്. കവരത്തിയിൽ ഇനിയും കെട്ടിടങ്ങൾ പൊളിച്ചു നീക്കാനുണ്ടെന്നും അവ പരിശോധിച്ചു വരുകയാണെന്നും അധികൃതർ പറയുന്നു. കവരത്തിയിൽ 30ൽ അധികം കെട്ടിടങ്ങൾക്കും സുഹേലിയിലും ചെറിയം ദ്വീപിലും 20ൽ അധികം കെട്ടിടങ്ങൾക്കും ഇനി നോട്ടീസ് കൊടുക്കാൻ സാദ്ധ്യതയുണ്ടെന്ന് ദ്വീപുവാസികൾ പറഞ്ഞു.

കവരത്തിയിൽ പലരുടെയും വീടുകൾ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്തു നൽകിയിരിക്കുന്നത്. സുഹേലിയിലും ചെറിയം ദ്വീപിലും മത്സ്യത്തൊഴിലാളികളുടെ താൽക്കാലിക ഷെഡ്ഡുകളാണ് പൊളിക്കേണ്ടി വരുക. എന്നാൽ നോട്ടീസ് നൽകിയിരിക്കുന്ന പല കെട്ടിടങ്ങളും 50 മീറ്ററിന് ഉള്ളിൽ നിൽക്കുന്നവയാണെന്നും ദ്വീപുവാസികൾ പറയുന്നു. കടലിൽ നിന്ന് 50 മുതൽ 100 മീറ്റർ പരിധിയിൽ നിർമ്മിച്ചിരിക്കുന്ന കെട്ടിടങ്ങളാണ് പലതും. എന്നാൽ കടലേറ്റത്തെ തുടർന്നാണ് കടലും കരയും തമ്മിലുള്ള അകലം കുറയുകയായിരുന്നുവെന്നും ദ്വീപ് വാസികൾ പറയുന്നു. വിവാദ നടപടികൾ പിൻവലിക്കണമെന്നും അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കണമെന്നും ആവശ്യം മുൻനിറുത്തി കൂടുതൽ പ്രതിഷേധങ്ങൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് ലക്ഷദ്വീപ് ജനത.

 14 വർഷം, ദ്വീപുകൾ അപ്രത്യക്ഷമാകും

lakshadweep1

അടുത്ത 14 വർഷം കൊണ്ട് ലക്ഷദ്വീപിലെ മിക്ക ദ്വീപുകളും ഇല്ലാതാകുമെന്നാണ് പഠനങ്ങളിലെ കണ്ടെത്തൽ. ഒട്ടുമിക്ക ദ്വീപുകളുടെയും സമുദ്രനിരപ്പ് നിലവിൽ 0.78 മില്ലീമീറ്റർ ആണ്. ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇത് 0.8 മില്ലീമീറ്ററിൽ നിന്ന് രണ്ട് മില്ലീമിറ്റർ വരെ ഉയരാമെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയത്. ആകെയുള്ള 36 ദ്വീപുകളിൽ 10 ദ്വീപുകളിലാണ് ആൾത്താമസമുള്ളത്. സമുദ്ര നിരപ്പ് ഉയരുന്നതിനാൽ തന്നെ ഈ പത്തെണ്ണത്തിൽ എട്ടെണ്ണത്തിന്റെയും 70 മുതൽ 80 ശതമാനം വരെ ഭൂമി നഷ്ടമാകുമെന്നും ഖരഗ്പൂർ ഐ.ഐ.ടി നടത്തിയ പഠനത്തിൽ കണ്ടെത്തി. മറ്റ് രണ്ട് ദ്വീപുകളുടെ 40 ശതമാനത്തോളം ഭൂമിയും നഷ്ടമാകും. അതിനാൽ തന്നെ ദ്വീപുകളുടെ ജനങ്ങളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഇവരെ മാറ്റിപ്പാർപ്പിക്കണമെന്നും പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ലക്ഷദ്വീപിന്റെ തലസ്ഥാനമായ കവരത്തിയെ 70 ശതമാനവും ഇത് ബാധിക്കും. ദ്വീപിലെ ഏക വിമാനത്താവളമായ അഗത്തിയിൽ ഇതിനോടകം തന്നെ കേടുപാടുകൾ കണ്ടെത്തിയിട്ടുണ്ട്. മഴക്കാലത്ത് ഇവിടെ വെള്ളപ്പൊക്കം ഉണ്ടാകുന്നതും പതിവാണ്. ദ്വീപുകളുടെ നാശം തടയുന്നതിനായി ബിപ്ര, മിനിക്കോയ്, കൽപേനി, കവരത്തി, അഗത്തി, കിൽത്താൻ, ചാത്ത്‌ലത്, കടമത്ത്, അമിനി എന്നിവിടങ്ങളിൽ ചിറ കെട്ടുകയോ മറ്റോ വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്. 30 ശതമാനം ഭൂമി നഷ്ടമാകുന്ന ആനഡ്രോത്ത് ദ്വീപായിരിക്കും ഏറ്റവും സുരക്ഷിതമായ ഇടം. അതിനാൽ തന്നെ ദ്വീപിലെ ജനങ്ങളെ ഇവിടേക്ക് മാറ്റാൻ കഴിയുമെന്ന് ഖരഗ്പൂർ ഐ.ഐ.ടിയിലെ ഫാക്കൽറ്റിയായ പ്രസാദ് കെ. ഭാസ്‌‌കരൻ പറഞ്ഞു.