തൃപ്പൂണിത്തുറ: മരട്നഗരസഭയിൽ രണ്ടാം ഡോസ് വാക്സിനേഷൻ നാളെ മുതൽ ലഭ്യമാക്കും. വടക്കേ ചേരുവാരം ഹാളിലാണ് വാക്സിനേഷൻ സെന്റർ ഒരുക്കിയിരിക്കുന്നത് . ആദ്യ ഡോസ് വാക്സിൻ എടുത്ത് 100 ദിവസം കഴിഞ്ഞിട്ടും സെക്കൻഡ് ഡോസ് കിട്ടാത്ത 2300 പേർ നഗരസഭയിലുണ്ട് .ഇവരുടെ ആശങ്കകൾ നഗരസഭാ ചെയർമാൻ ആന്റണി ആശാൻ പറമ്പിലിന്റെ നേതൃത്വത്തിൽ ഡി.എം.ഒയെ അറിയിച്ചിരുന്നു.അതേതുടർന്ന് വാക്സിനേഷൻ സോണൽ ഓഫീസറായ ഡോക്ടർ ശിവദാസുമായി നടത്തിയ ചർച്ചയിലാണ് മരട് നഗരസഭയ്ക്ക് ഒരു ദിവസം 200 പേർക്ക് എന്ന രീതിയിൽ രണ്ടാം ഡോസ് ലഭിക്കാത്ത എല്ലാവർക്കും വാക്സിൻ നൽകാമെന്ന് അറിയിച്ചത്. ഒരു ദിവസം എട്ട് ഡിവിഷനുകൾ എന്ന കണക്കിലാണ് വാക്സിനുകൾ നൽകുന്നത് .ഓരോ ഡിവിഷനുകൾക്കും പ്രത്യേകം പ്രത്യേകം സമയം ക്രമീകരിച്ചായിരിക്കും വാക്സിൻ നൽകുന്നത് . ആദ്യ ദിനം ഒന്നു മുതൽ എട്ടു വരെയുള്ള ഡിവിഷനുളിലുള്ളവർക്കാണ് വാക്സിനേഷൻ .അടുത്തദിവസം ഒമ്പതു മുതൽ 16 ഡിവിഷൻ വരെയുള്ളവർക്കും ലഭിക്കും. എല്ലാവർക്കും ലഭ്യമാവുന്നത് വരെ ഈ ക്രമീകരണങ്ങൾ തുടരും . എല്ലാവർക്കും വാക്സിൻ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ അറിയിച്ചു.