മൂവാറ്റുപുഴ: കേരള പത്രപ്രവർത്തക അസോസിയേഷൻ അംഗവും കാമറമാനുമായ സുമോനെ പിറവം പാലച്ചുവട് പ്രവർത്തിക്കുന്ന ഓഫീസിൽ കയറി ആക്രമിക്കുകയും ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത ശിവദാസൻ എന്നയാൾക്കെതിരെ ശക്തമായ നടപടിയെടുക്കാത്തത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ മൂവാറ്റുപുഴ താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു.പിറവം പാലച്ചുവട് പ്രവർത്തിക്കുന്ന കേരള വിഷൻ ഓഫീസിൽ അതിക്രമിച്ചു കടന്ന് ഉടമയായ സുമോനെ ആക്രമിക്കുകയും ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തതായി പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെന്ന ആരോപണമുണ്ട്. എന്നാൽ മാധ്യമപ്രവർത്തകനെ ആക്രമിച്ചയാൾക്കെതിരെ കേസെടുത്തതായി പിറവം സബ്ഇൻസ്പെക്ടർ സന്തോഷ് അറിയിച്ചു.
പിറവത്തെ പ്രാദേശിക വാർത്താ ചാനലായ ഐ വിഷന്റെ ഡയറക്ടർ കൂടിയായ സുമോൻ സർക്കിൾ ഇൻസ്പെക്ടർ മുമ്പാകെ ശിവദാസ് എന്നയാൾക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു കേസിന് ആസ്പദമായ സംഭവം. അടുത്തിടെ കണക്ട് ചെയ്ത നൽകിയ മോഡം മാറ്റി സ്ഥാപിക്കാൻ വൈകിയതിന്റെ പേരിലാണ് അക്രമം നടന്നതെന്ന് പരാതിയിൽ സൂചിപ്പിക്കുന്നു.ഇത് സംബന്ധിച്ച സുമോൻ നൽകിയ പരാതിയിൽ പൊലീസിന്റെ ഭാഗത്തു നിന്നും അടിയന്തര നടപടി ഉടൻ ഉണ്ടാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആവിഷ്കരിച്ച് സുമോന്റെ നീതിക്കായി പോരാടുമെന്നും കേരള പത്രപ്രവർത്തക അസോസിയേഷൻ മൂവാറ്റുപുഴ താലൂക്ക് പ്രസിഡന്റ് നെൽസൺ പനയ്ക്കൻ പറഞ്ഞു.പ്രതിഷേധ യോഗത്തിൽ ജില്ലാ ജോയിറ്റ് സെക്രട്ടറി കെ.പി റസാഖ്,വൈ.അൻസാരി,ദീപേഷ്. കെ.ദിവാകരൻ,ജോൺ കുര്യാക്കോസ്,അനിൽ കാക്കൂർ,അഷറഫ് തേജസ്, ജോർജ്കുട്ടി എന്നിവർ പങ്കെടുത്തു.