കുറുപ്പംപടി: രായമംഗലം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ കീഴില്ലം കുറിച്ചിലക്കോട് റോഡിൽ കോച്ചേരി ഇറക്കത്തിൽ നിൽക്കുന്ന ആൽമരം ജനങ്ങൾക്കും വാഹന യാത്രികർക്കും ഭീഷണിയാകുന്നു. ശക്തമായ കാറ്റിലും മഴയിലും ഏത് നിമിഷവും നിലം പതിക്കാവുന്ന രീതിയിലാണ് മരം റോഡിലേക്ക് മറിഞ്ഞു നിൽക്കുന്നത്. ശിഖിരങ്ങൾക്കിടയിലൂടെ പതിനൊന്ന് കെ.വി ഇലക്ട്രിക് ലൈനുകൾ കടന്നുപോകുന്നുണ്ട്. ഈ ആൽമരം മുറിച്ചു മാറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം. നിരവധിതവണ പഞ്ചായത്തിലും പി.ഡബ്ല്യു.ഡി ഓഫീസിലും മറ്റു പരാതികൾ നൽകിയിട്ടും നാളിതുവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. ഇതേ തുടർന്ന് സമീപവാസി മുഖ്യമന്ത്രിക്ക് പരാതികൊടുത്തിട്ടുണ്ട്.