കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സി വഴി നടത്തണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ ആവശ്യപ്പെട്ടു. കോടികളുടെ സാമ്പത്തിക അഴിമതിയും സ്വജനപക്ഷപാതവും കാലങ്ങളായി തുടരുന്ന എയ്ഡഡ് വിദ്യാഭ്യാസമേഖല ശുദ്ധീകരിക്കുവാൻ ഇനിയും ശ്രമിച്ചില്ലെങ്കിൽ അർഹരായ യുവതീയുവാക്കളോടുള്ള കടുത്ത നീതിനിഷേധമാകുമെന്ന് അദ്ദേഹം പറഞ്ഞു.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാമൂഹ്യനീതിയുടേയും തുല്യാവസരങ്ങളുടേയും നിഷേധത്തിന്റെ മേഖലയായി മാറി. എയ്ഡഡ് അദ്ധ്യാപക നിയമനം ആധുനികകാലത്തെ സാമൂഹ്യബോധത്തിന് നിരക്കാത്തതോ മനസിലാക്കാനാകാത്തതോ ആണ്.
അദ്ധ്യാപക തസ്തികകളിലേയ്ക്ക് പുതിയതായി നടക്കാനിരിക്കുന്ന 7,757 നിയമനങ്ങളിൽ നാലായിരത്തിലേറെയും മതസ്ഥാപനങ്ങൾ നടത്തുന്ന സ്‌കൂളുകളിലാണ്. സഹസ്രകോടികളുടെ അഴിമതിക്കും അർഹരുടെ തൊഴിൽ നിഷേധത്തിനും ഇത് കാരണമാകുമെന്നത് സർക്കാർ ഗൗരവത്തോടെ കാണണം. അടിയന്തരമായി മുഖ്യമന്ത്രി ഇടപെടണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.