ushakumari
ജോലിക്കിടയിൽ ഉഷാകുമാരി

മൂവാറ്റുപുഴ: കൊവിഡ് പ്രതിരോധ രംഗത്ത് മാലാഖയായി പണ്ടപ്പിള്ളി സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ലേഡി ഹെൽത്ത് ഇൻസ്പെക്ടർ ഉഷാകുമാരി. ആശങ്കയോടെ കൊവിഡ് വാക്സിനേഷനായി എത്തുന്നവർക്കടക്കം ആശ്വാസം പകർന്നു നൽകി എല്ലായിടത്തും ഓടിയെത്തുകയാണ് ഈ ഹെൽത്ത് ഇൻസ്പെക്ടർ.ജോലി ലേഡി ഹെൽത്ത് ഇൻസ്പെക്ടർ തസ്തികയിലാണെങ്കിലും ഇവിടെ എത്തുന്നവർക്ക് ഇവർ അദ്ധ്യാപികയാണ് , നഴ്സാണ്, കൗൺസിലറാണ്. ചിലപ്പോഴെല്ലാം സ്വീപ്പറുടെ ജോലിയിൽ വരെ ഇവരെ കണ്ടെന്നു വരാം . പണ്ടപ്പിള്ളി സി.എച്ച്.സിയിൽ വാക്സിനേഷനായി എത്തുന്നവരെ പുഞ്ചിരിയോടെ സ്വീകരിക്കുന്നത് ഉഷാകുമാരിയാണ്. കാര്യങ്ങൾ ചോദിച്ചു മനസിലാക്കി കാത്തിരിപ്പിന്റെ മുഷിപ്പില്ലാതെ രസകരമായി കൊവിഡിനെ കുറിച്ചും വാക്സിനേഷനെ കുറിച്ചും പകർച്ചവ്യാധി പ്രതിരോധത്തെ കുറിച്ചുമൊക്കെ ഇവരെ പറഞ്ഞുമനസിലാക്കും. ഭയമുള്ളവരെ പേടിയില്ലാതെ വാക്സിനേഷൻ എടുക്കാൻ തയ്യാറാക്കും.വാക്സിനേഷൻ കഴിഞ്ഞാൽ നിർദേശിക്കപ്പെടുന്ന അരമണിക്കൂർ നിരീക്ഷണ സമയത്തും ബോധവത്കരണ ക്ലാസ് നയിച്ച് ഉഷാകുമാരി ഇവർക്കിടയിലെത്തും. കൊവിഡ് വ്യാപന സാധ്യതകൾ, പ്രതിരോധ രീതികൾ, പകർച്ച വ്യാധി സാധ്യതകൾ, പ്രതിരോധ മാർഗങ്ങൾ തുടങ്ങിയവയെല്ലാം ആംഗ്യങ്ങളിലൂടെയും പാട്ടുകളിലൂടെയും താളാത്മകമായാണ് അവതരിപ്പിക്കുന്നത്.

രാവിലെ 7 ന് പണ്ടപ്പിള്ളി സി.എച്ച്.സിയിൽ എത്തുന്ന ഉഷാകുമാരി രാത്രി 7നാണ് മടങ്ങുന്നത്. ഇതിനിടയിൽ ആശുപത്രിയിൽ എത്തിച്ചേരുന്ന ഓരോരുത്തർക്കും ബോധവത്കരണ ക്ലാസുകൾ തുടർച്ചയായി നൽകുന്നു.