y-con
യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ യു.ഡി.എഫ് അംഗങ്ങൾ കീഴ്മാട് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തുന്നു

ആലുവ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കീഴ്മാട് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ വീഴ്ചയും അഴിമതിയും ആരോപിച്ച് പ്രതിപക്ഷം പ്രത്യക്ഷ സമരമാരംഭിച്ചു. ഭരണസമിതിയുടെ വീഴ്ചകൊണ്ടാണ് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ജില്ലയിൽ ഒന്നാമതാകാൻ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.

യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.ഡി.എഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ പ്രതിഷേധധർണ നടത്തിയപ്പോൾ ബി.ജെ.പി റിലേ നിൽപ്പ് സമരം സംഘടിപ്പിച്ചു. പ്രതിപക്ഷത്തെക്കൂടി കടന്നാക്രമിക്കുന്ന സമീപനമാണ് മൂന്ന് സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെടെ അഞ്ചുപേർക്ക്. ഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്ക് പുറമെ വാക്‌സിൻ വിതരണത്തിൽ അഴിമതിയുമുണ്ടെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. ആശാ വർക്കർമാരെ പ്രതിരോധ പ്രവർത്തനങ്ങളിൽ നിന്ന് പൂർണമായും ഒഴിവാക്കി അങ്കണവാടി വർക്കർമാരെ ചുമതലപ്പെടുത്തിയത് അഴിമതി മറച്ചുവെക്കുന്നതിനാണ്. സാധാരണക്കാർ ഓൺലൈനിൽ രജിസ്റ്റർചെയ്ത് കാത്തിരിക്കുമ്പോൾ അടുപ്പക്കാർക്ക് മാനദണ്ഡങ്ങൾ മറികടന്ന് കുത്തിവെപ്പ് നടത്തുകയാണ്. ആരോപണമുയർന്നപ്പോൾ ഔദ്യോഗികവാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് ബന്ധപ്പെട്ടവർ ഇറങ്ങിപ്പോകുകയാണെന്നും കോൺഗ്രസ് ആരോപിച്ചു.

കൊവിഡ് ബാധിതരുടെ എണ്ണം മറച്ചുവയ്ക്കുന്ന കണക്കുകളാണ് അധികൃതർ പുറത്തുവിടുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. കുട്ടമശേരി നാലാംവാർഡിൽ കൊവിഡ് രോഗബാധിതർ 30 പിന്നിട്ടപ്പോഴും പഞ്ചായത്തിന്റെ കണക്കിൽ ഒരാൾ മാത്രമാണ്. ഭരണസമിതിയുടെ നിഷ്‌ക്രിയത്വം രോഗവ്യാപനം വർദ്ധിപ്പിക്കുകയും ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ട സ്ഥിതിയും ഉണ്ടാക്കിയെന്ന് ബി.ജെ.പി ആരോപിച്ചു.

ഔദ്യോഗികഗ്രൂപ്പിൽ വിമർശനം, ഭരണപക്ഷം വാട്ട്‌സാപ്പ് ഗ്രൂപ്പ് വിട്ടു

ഭരണസമിതിയുടെ വീഴ്ചയെ അംഗങ്ങൾ ഔദ്യോഗിക വാട്ട്‌സാപ്പ് ഗ്രൂപ്പിൽ വിമർശിച്ചതോടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണപക്ഷത്തെ അംഗങ്ങളെല്ലാം സ്വയം 'ലെഫ്റ്റായി' തടിതപ്പി. കൊവിഡ് വ്യാപനം രൂക്ഷമാക്കിയതും ടി.പി.ആർ നിരക്ക് ഉയർന്നതും ഭരണസമിതിയുടെ പിടിപ്പുകേടാണെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് സതീശനാണ് ആദ്യം രംഗത്തെത്തിയത്. തുടർന്ന് പ്രതിപക്ഷത്തെയും സ്വതന്ത്ര അംഗങ്ങളുമെല്ലാം വിമർശനത്തിന്റെ കെട്ടഴിച്ചു. ഇതോടെ മറുപടി പറയാൻ കഴിയാതെ പ്രസിഡന്റ് സതി ലാലു ഉൾപ്പെടെയുള്ളവർ ഗ്രൂപ്പ് വിടുകയായിരുന്നു. 19 അംഗ ഭരണസമിതിയും സെക്രട്ടറിയും അസി. സെക്രട്ടറിയുമാണ് ഔദ്യോഗിക വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ ഉണ്ടായിരുന്നത്. സെക്രട്ടറിയും അസി. സെക്രട്ടറിയും ഇപ്പോഴും ഗ്രൂപ്പിൽ തുടരുന്നുണ്ട്.