കൊച്ചി: ജില്ലയിലെ കൊവിഡ് പ്രതിരോധത്തിന്റെ മുൻനിര പോരാളിയായി പ്രവർത്തിച്ചിരുന്ന കലൂർ

പി.വി.എസ് ഗവ. കൊവിഡ് അപ്പെക്‌സ് സെന്റർ ഇന്ന് പ്രവർത്തനം നിറുത്തുന്നു. ഒന്നര വർഷത്തോളം അടഞ്ഞുകിടന്നിരുന്ന സ്വകാര്യ ആശുപത്രി 2020 ഏപ്രിലിലാണ് സർക്കാർ ഏറ്റെടുത്തത്. ആശുപത്രി പ്രവർത്തന സജ്ജമാക്കാൻ മൂന്നുമാസമെടുത്തു. രാഷ്ട്രീയ, ജനകീയ, യുവജന സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ എന്നിവരെല്ലാം ദൗത്യത്തിൽ പങ്കുചേർന്നു. കലൂർ സി.ഐ.ടി.യു യൂണിയൻ കഴിഞ്ഞ ഒന്നരവർഷവും കൂലിവാങ്ങാതെ ആശുപത്രിയിലേക്ക് സാധനങ്ങൾ എത്തിച്ചുകൊടുത്തു. പൊതു– സ്വകാര്യ പങ്കാളിത്തത്തോടെ പ്രവർത്തിപ്പിച്ച ഈ ചികിത്സാകേന്ദ്രം ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് ഒരു സമാന്തര സംസ്‌കാരംതന്നെ സൃഷ്ടിച്ചു. കൊവിഡ് വാക്സിനേഷനും ഡയാലിസിസും കുറച്ചുദിവസംകൂടി തുടരും.

 സൻമനസ് മൂലധനമായി

സർക്കാർ മൂന്നരക്കോടിയും വിവിധ കമ്പനികളുടെ സി.എസ്.ആർ ഫണ്ടിൽ നിന്നുലഭിച്ച രണ്ടരക്കോടിയും പ്രധാന മൂലധനമായി. ഐ.എം.എ കൊച്ചിയുൾപ്പെടെയുള്ള സംഘടനകൾ ഒപ്പംനിന്നു. ജനറൽ ആശുപത്രി അനക്‌സായി പ്രവർത്തിച്ച പി.വി.എസിൽ സെപ്തംബർ രണ്ടിന് ആദ്യരോഗിയെ പ്രവേശിപ്പിച്ചു. തുടക്കത്തിൽ 33 ഡോക്ടർമാരും 183 ആരോഗ്യപ്രവർത്തകരുമാണ് ഉണ്ടായിരുന്നത്. കുടുംബശ്രീ എല്ലാനേരവും ഭക്ഷണമെത്തിച്ചു. പ്രത്യേക ഡയറ്റ് വേണ്ടവർക്ക് ജനറൽ ആശുപത്രിയിൽ നിന്നെത്തിച്ചുകൊടുത്തു. കഴിഞ്ഞ മാർച്ചിൽ ആശുപത്രി അടച്ചുപൂട്ടാനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് കൊവിഡിന്റെ രണ്ടാംവരവ്. അതോടെ പി.വി.എസ് വീണ്ടും സജീവമായി.

 ചികിത്സയ്ക്കു വിധേയരായ കൊവിഡ് രോഗികൾ– 1512.

 കൊവിഡ് രോഗികളിൽ നടത്തിയ ഡയാലിസിസ്– 2023

 കൊവിഡ് പ്രതിരോധത്തിൽ പരിശീലനം നൽകിയത് - 700 പേർക്ക്

 കിടക്കകൾ -90

 മരണം -260

 മൂന്നാംഘട്ടത്തെയും

നേരിടാൻ സജ്ജം
ആരോഗ്യവകുപ്പിൽ നിന്നു ഡപ്യൂട്ടേഷനിൽ നിയോഗിച്ച ജീവനക്കാർക്കൊപ്പം ദേശീയ ആരോഗ്യദൗത്യം വഴി താത്കാലികമായി നിയോഗിച്ച വൻ സംഘവും ഉൾപ്പെടുന്നതായിരുന്നു പി.വി.എസിലെ മെഡിക്കൽ ടീം. പി.വി.എസ് പ്രവർത്തനം നിർത്തുന്നതോടെ ഈ സംഘത്തെ വിഭജിച്ച് എറണാകുളം ജനറൽ ആശുപത്രി, ആലുവ ജില്ല ആശുപത്രി, അമ്പലമുകളിലെ സർക്കാർ കൊവിഡ് ആശുപത്രി എന്നിവിടങ്ങളിലേക്കു നിയോഗിക്കും. കൊവിഡ് ചികിത്സയിൽ വിദഗ്ദ്ധരായ ടീമിനെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. അടുത്ത തരംഗത്തെയും നേരിടാൻ ജില്ല സജ്ജമാണ് .

ഡോ.എം.എം. ഹനീഷ്

കൊവിഡ് നോഡൽ ഓഫീസർ