പറവൂർ: പെട്രോൾ നിറയ്ക്കാൻ പമ്പിൽ നാണയം കൊടുത്തതിന് മർദിച്ചെന്ന പരാതിയിൽ വടക്കേക്കര പൊലീസ് കേസെടുത്തു. കൂട്ടുകാട് വെളിക്കകത്ത് വി.പി. സുനിലിന്റെ പരാതിയിൽ ചേന്ദമംഗലം ഭരണിമുക്കിലെ സ്വകാര്യ പെട്രോൾ പമ്പിലെ ജീവനക്കാരൻ മനോഹരനെതിരെയാണ് (70) കേസെടുത്തത്. 120 രൂപയ്ക്കു പെട്രോൾ നിറയ്ക്കുന്നതിന് ഇരുചക്രവാഹനവുമായി പമ്പിലെത്തിയ സുനിൽ 10 രൂപയുടെ 12 നാണയങ്ങൾ നൽകി. മുഴവൻ നാണയങ്ങളും എടുക്കാനാവില്ലെന്ന് ജീവനക്കാർ പറഞ്ഞു. പിന്നീട് 50 രൂപയ്ക്കു പെട്രോൾ നിറച്ചുകൊടുത്തു. ഇതിനുശേഷം ഇയാൾ പമ്പിലെ ജീവനക്കാരുടെ വീഡിയോ എടുക്കുന്നതിനിടെയാണ് പ്രശ്നങ്ങളുണ്ടായത്.

വർഷങ്ങൾക്കു മുമ്പ് സുനിലിന്റ ബൈക്കിൽ ഇന്ധനം മാറിയടിച്ചിരുന്നു. ഇതിനുശേഷം പലവട്ടം പമ്പിലെത്തി ഓരോ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് ജീവനക്കാർ പറഞ്ഞു. പെട്രോൾ അടിച്ചുപോയതിനുശേഷം മറ്റൊരു ഷിഫ്റ്റ് കഴിഞ്ഞപ്പോഴാണ് വിഡിയോയെടുക്കാൻ എത്തിയത്. അതാണ് ജീവനക്കാർ ചോദ്യംചെയ്തത്. മനോഹരനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും ജീവനക്കാർ പറഞ്ഞു. ഇതുസംബന്ധിച്ച് ഡിവൈ.എസ്.പി, പട്ടികജാതി - പട്ടിക വർഗ കമ്മീഷൻ തുടങ്ങിയവർക്ക് മനോഹരൻ പരാതി നൽകി.

ബാങ്കുകളിൽ നാണയങ്ങൾ സ്വീകരിക്കുന്നില്ല.

നാണയങ്ങൾ ബാങ്കിൽ സ്വീകരിക്കാത്തത് പണമിടപാടുകളെ സാരമായി ബാധിക്കുന്നതായി പമ്പ് ഉടമ പറഞ്ഞു. ആയിരക്കണക്കിന് രൂപയുടെ നാണയങ്ങളാണ് പമ്പിൽ സുക്ഷിക്കേണ്ടതായി വരുന്നത്. ഇന്ധനം നിറക്കാൻ വരുന്നവർക്ക് ബാക്കിയായി നാണയം നൽകിയാലും സ്വീകരിക്കാറില്ല. ഈ കാരണത്താൽ നാണയങ്ങൾ കൂടുതൽ കൊണ്ടുവന്നാൽ ഏറ്റവും കുറഞ്ഞ വില്പന അളവിൽ നാണയംവാങ്ങി ഇന്ധനം നൽകാറുണ്ടെന്നും പമ്പുടമ പറഞ്ഞു.