മരട്: ഗൂഗിൾ മീറ്റ് വഴിയുള്ള യോഗം ഒഴിവാക്കി കൗൺസിൽയോഗം കൗൺസിൽ ഹാളിൽ കൂടണമെന്നാവശ്യപ്പട്ട് സി.പി.എം കൗൺസിലർമാർ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. പൊലീസെത്തിയാണ് ഉപരോധം അവസാനിപ്പിച്ചത്.
ഇന്നലത്തെ യോഗത്തിൽ 27 അജണ്ടയാണ് ചർച്ചയ്ക്കായി വെച്ചിരുന്നത്. എന്നാൽ ഇതെല്ലാം ചർച്ചചെയ്യാൻ മണിക്കൂറുകൾ എടുക്കുന്നതിനാൽ ഗൂഗിൾമീറ്റ് പ്രായോഗികമല്ല. അതുകൊണ്ടാണ് തങ്ങൾ പ്രതിഷേധിച്ചത്. പത്തിൽ താഴെയാണ് അജണ്ടയെങ്കിൽ തങ്ങൾ സഹകരിക്കുമെന്ന് പ്രതിപക്ഷനേതാവ് ഷാനവാസ് പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച സി.പി.എം സമരം രാഷ്ട്രീയപ്രേരിതവും ജനങ്ങോടുള്ള വെല്ലുവിളിയുമാണെന്ന് നഗരസഭാ ചെയർമാൻ ആൻറണി ആശാംപറമ്പിൽ പറഞ്ഞു. നഗരസഭയിൽ ടി.പി.ആർനിരക്ക് 37.5 ശതമാനം ആയിരുന്നു. ഈ സാഹചര്യത്തിൽ കൗൺസിൽ ഹാളിൽ യോഗം കൂടണമെന്ന ആവശ്യമാണ് സമരക്കാർ മുന്നോട്ടുവച്ചത് . ഇത് സർക്കാരിനോടുള്ള വെല്ലുവിളിയാണ്. സർക്കാർ നിർദ്ദേശപ്രകാരമാണ് നഗരസഭ ഓൺലൈനായി യോഗം ചേരുന്നതെന്ന് ചെയർമാൻ ആൻറണി ആശാംപറമ്പിൽ പറഞ്ഞു.