ആലുവ: കൊവിഡ് ചികിത്സയുടെ മറവിൽ സംസ്ഥാനത്തെ ചില ആശുപത്രികളിൽ ബ്യൂട്ടി പാർലറുകൾ നടത്തുന്നതായി ആരോപിച്ച് കേരളാ സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ പ്രതിഷേധവുമായി രംഗത്തെത്തി. കുറച്ചുദിവസം മാത്രമാണ് സ്ഥാപനങ്ങൾ തുറക്കാൻ കഴിഞ്ഞിട്ടുള്ളത്. ലോക്ക് ഡൗണിൽ വരുമാനവും വാടക നൽകാൻ പണവുമില്ലാതെ വലയുമ്പോഴാണ് ചില ആശുപത്രികളിൽ അനുമതിയില്ലാതെ ബ്യൂട്ടിപാർലറുകൾ നടത്തുന്നതെന്ന് കേരളാ സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഇ.എസ്. ഷാജി പത്രസമ്മേളനത്തിൽ ആരോപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ മുഴുവൻ ബാർബർ ബ്യൂട്ടീഷ്യൻസ് തൊഴിലാളി സ്ഥാപനങ്ങളും ലേഡീസ് ബ്യൂട്ടീഷ്യൻ സ്ഥാപനങ്ങളും പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.
ജീവനക്കാർക്ക് അടിയന്തര സാമ്പത്തിക പാക്കേജ് അനുവദിക്കുക, ലോക്ക് ഡൗൺ കാലഘട്ടത്തിലെ വീട് വാടക, കടവാടക, കറണ്ട് ചാർജ്, വെള്ളക്കരം എന്നിവ ഒഴിവാക്കുക, ക്ഷേമനിധിയിൽ നിന്ന് പ്രഖ്യാപിച്ച ധനസഹായം ലഭ്യമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലാ സെക്രട്ടറി കെ.എ. ശശി, ജില്ലാ ട്രഷറർ എം.ജെ. അനു, ബിന്ദു വിജയൻ, ലിൻസി ജിജോ, മിനി ബേബി എന്നിവർ പങ്കെടുത്തു.