കൊച്ചി: റോഡ് കുഴിക്കാൻ സ്വകാര്യ കേബിൾ കമ്പനികൾക്ക് മുൻകൂർ അനുമതി നൽകിയ മേയർ എം. അനിൽകുമാറിന്റെ നടപടിയെ ചോദ്യംചെയ്യാനൊരുങ്ങി പ്രതിപക്ഷം. ഇന്ന് രാവിലെ 10.30 ന് ടൗൺഹാളിൽ നടക്കുന്ന കൗൺസിൽ യോഗത്തിൽ ഇത് പ്രധാന അജണ്ടയാകും. ജി.ഐ പോൾ സ്ഥാപിച്ച് ഓവർഹെഡ് കേബിളുകൾ വലിക്കുന്നതിന് കൗൺസിലിന്റെ അനുമതിയില്ലാതെ മേയർ മുൻകൂർ അനുമതി നൽകിയെന്നാണ് ആക്ഷേപം. ജി.ഐ.പോൾ സ്ഥാപിക്കുന്നതിനായി കുഴിയെടുക്കുന്നതിനാണ് ടെലികോം കമ്പനികൾക്ക് അനുമതി നൽകിയിരിക്കുന്നത്.

മാർച്ചിൽ കൗൺസിൽ ഹാളിൽ നടന്ന യോഗത്തിനുശേഷം ഇതാദ്യമായാണ് കൗൺസിലർമാർ വീണ്ടും ഒത്തുചേരുന്നത്. കഴിഞ്ഞ യോഗം ഓൺലൈനായാണ് നടത്തിയത്. വിവിധ പദ്ധതികൾക്കായി സ്ഥലമേറ്റെടുക്കന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ഇന്നത്തെ കൗൺസിലിന്റെ പരിഗണനയ്ക്ക് വരും. മട്ടാഞ്ചേരി കറുത്ത ജൂതപ്പള്ളി സംരക്ഷിത സ്മാരകമാക്കുന്നത് ഉൾപ്പെടെയുള്ളവ ഇതിലുണ്ട്.