തോപ്പുംപടി: കൊവിഡ് രണ്ടാം തരംഗത്തിൽ സംസ്ഥാനത്തെ സ്കൂൾ ബസ് ഡ്രൈവർമാരും ആയമാരും സർക്കാർ, അൺ എയ്ഡഡ് സ്കൂളിലെ പാചകപ്പുരയിലെ താത്കാലിക ജോലിക്കാരും ജീവിക്കാനായി ക്ളേശിക്കുന്നു. പലരുടേയും ജീവിതം കരിനിഴലിലായി. കഴിഞ്ഞ വർഷവും ഈ വർഷവും സ്കൂൾ ബസുകൾ പുറത്തിറക്കാൻ കഴിയാതെ സ്ക്കൂൾ വളപ്പിൽ പാർക്ക് ചെയ്തിരിക്കുകയാണ്. വല്ലപ്പോഴും ജീവനക്കാർ എത്തി വാഹനം സ്റ്റാർട്ടാക്കി എഞ്ചിൻ പ്രവർത്തനം ത്വരിതപ്പെടുത്തും. എന്നാൽ വാഹനങ്ങളുടെ പലഭാഗങ്ങളും തുരുമ്പെടുത്ത് നശിക്കുകയാണ്. പല സ്കൂളിലും താത്കാലിക ജീവനക്കാരാണ്. അതിനാൽ ഇവർക്ക് ജോലിക്ക് കയറിയാൽ മാത്രമേ ശമ്പളം ലഭിക്കുകയുള്ളൂ. പട്ടിണിയുടെ വക്കിലെത്തിയ പലരും മീൻ, പച്ചക്കറി വില്പനയിലേക്ക് മാറിക്കഴിഞ്ഞു.
ശമ്പളമില്ലാതെ താത്കാലികക്കാർ
പശ്ചിമകൊച്ചിയിൽ തന്നെ നിരവധി സ്വകാര്യ-സർക്കാർ സ്കൂളുകളുണ്ട്. ഓൺലൈൻ പഠനം നടക്കുന്നതിനാൽ അദ്ധ്യാപകരും ഓഫീസ് ജോലി നടക്കുന്നതിനാൽ മറ്റു ജീവനക്കാർക്കും മാത്രമേ ശമ്പളം ലഭിക്കുന്നുള്ളൂ. സർക്കാർ തലത്തിൽ ഡ്രൈവർമാർക്കും മറ്റും യാതൊരു ആനുകൂല്യവും ഇതുവരെ ലഭിച്ചിട്ടില്ല. സ്കൂളുകളിലെ പാചകപ്പുരയിൽ തീപുകഞ്ഞിട്ട് മാസങ്ങളായി. ഇതുമായി ബന്ധപ്പെട്ട് നിരവധി ജീവനക്കാരുണ്ടായിരുന്നു. ഇനി എന്നാണ് സ്കൂളുകളിലേക്ക് കുട്ടികൾ തിരിച്ചെത്തുക എന്ന് ആശങ്കപ്പെടുകയാണ് പാചക ജീവനക്കാരിയായ കുമാരി. പലരും തൊഴിലുറപ്പ് ജോലികളിലും കൊച്ചിൻ കോർപ്പറേഷന്റെ താത്കാലിക മരുന്നുതളി ജോലികളിലും കയറിക്കൂടി ജീവിക്കാനായി പെടാപ്പാടിലാണ്.