bridge
സൗത്ത് കളമശേരി റെയിൽവേ മേൽപാലത്തിൽ റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നു

കളമശേരി: സൗത്ത് കളമശേരി റെയിൽവേ മേൽപ്പാലത്തിലെ എക്സ്പാൻഷൻ ജോയിന്റിലെ ഗട്ടറുകൾ അടക്കാനുള്ള നടപടികളുടെ മുന്നോടിയായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. 37-ാം വാർഡ് കൗൺസിലർ റഫീഖ് മരക്കാരുടെ പരാതിയിലാണ് പരിശോധന. പലഭാഗത്തും ഇരുമ്പ് പട്ടകളെല്ലാം ഇളകിയ നിലയിലായിരുന്നു. ഇരുചക്ര വാഹനങ്ങളും മറ്റു ചെറുവാഹനങ്ങളുമാണ് ഇതുമൂലം ഏറെ കഷ്ടപ്പെടുന്നത്. ഗട്ടറിൽ ചാടാതിരിക്കാൻ വെട്ടിച്ചു മാറ്റിയ ഓട്ടോറിക്ഷ ലോറിയുമായി കൂട്ടിയിടിച്ച് അപകടം നടന്നിരുന്നു. മേജർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, മുട്ടാർ, മഞ്ഞുമ്മൽ ഭാഗത്തേക്കുള്ള വാഹങ്ങൾ കടന്നുപോകുന്നതു ഇതുവഴിയാണ്. എത്രയും വേഗം എസ്റ്റിമേറ്റ് തയ്യാറാക്കി വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.