വൈപ്പിൻ: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി എടവനക്കാട് ഗ്രാമപഞ്ചായത്തിൽ കാനകളിലെ മാലിന്യം നീക്കലും മാർക്കറ്റുകളുടെ ശുചീകരണവും നടക്കുമ്പോൾ മാർക്കറ്റിലെ മാലിന്യങ്ങൾ പാലത്തിനടിയിലും റോഡരികിലും നിക്ഷേപിക്കുന്നതായി പരാതി.
പഴങ്ങാട് മാർക്കറ്റിലെ അറവുമാലിന്യവും പ്ലാസ്റ്റിക് മാലിന്യവും അടക്കമുള്ളവയാണ് പടിഞ്ഞാറോട്ടുള്ള റോഡരികിൽ നിക്ഷേപിക്കുന്നത്.
പഴങ്ങാട് മാർക്കറ്റ് റോഡിന്റെ ഇരുവശവും തൊഴിലുറപ്പുതൊഴിലാളികൾ പുല്ലുവെട്ടി വൃത്തിയാക്കി ദിവസങ്ങൾക്ക് ശേഷമാണ് റോഡിന്റെ ഇരുവശവും പ്ലാസ്റ്റിക്കും അറവുമാലിന്യങ്ങളും അടക്കമുള്ളവ നിക്ഷേപിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്മാലിന്യങ്ങൾ പരിസരത്ത് കത്തിക്കുന്നുമുണ്ട്. പ്രദേശത്തെ വിവിധ സ്ഥലങ്ങളിലേക്കുള്ള മാംസ വിതരണത്തിനാവശ്യമായ കന്നുകാലികളെ കെട്ടുന്നത് അറവുശാലയ്ക്ക് തൊട്ടുപിന്നിലെ റോഡരികിലാണ്. ഇവിടെനിന്ന് കന്നുകാലികളുടെ വിസർജ്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും മഴവെള്ളത്തിൽ കലങ്ങി റോഡിലേക്ക് ഒഴുകുകയാണ്. പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പരിസരവാസികൾ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി.