# ആദ്യഘട്ടം 10 കോടി
തൃക്കാക്കര: സ്മാർട്സിറ്റി ഉൾപ്പെടെയുളള വൻ പദ്ധതികൾ വരുന്നതു മുൻനിർത്തി കാക്കനാട്ട് അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് പദ്ധതിക്ക് പുതുജീവൻ. പതിറ്റാണ്ടുകളായി ഫയലിൽ ഉറങ്ങിയ പദ്ധതി വേഗത്തിലാക്കാനാണ് ഭരണസമിതിയുടെ തീരുമാനം. രൂപരേഖ തയ്യാറായിവരുന്നതായി വരുന്നു. ദീർഘദൂര ബസുകൾക്കുൾപ്പെടെ പ്രവേശിക്കാനും ഹാൾട്ട് ചെയ്യാനും സൗകര്യം ഒരുക്കുംവിധമാണ് പദ്ധതി നടപ്പിലാക്കുന്നത്. എൽ മാതൃകയിൽ മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം. നിലവിലെ കച്ചവടക്കാരെ ഒഴിപ്പിക്കാതെയാണ് പദ്ധതിക്ക് രൂപം കൊടുത്തിരിക്കുന്നത്. നഗരസഭ ചെയർപേഴ്സൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരുടെ കാബിനുകൾ പുതിയ കെട്ടിടത്തിലേക്ക് മാറും. 100 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാൾ തുടങ്ങിയവയും ഒരുക്കും. ആദ്യ ഘട്ടത്തിൽ 10 കോടിരൂപയാണ് പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്.
രണ്ടു വശവും റോഡുള്ള സ്ഥലമാണ് ടെർമിനലിനായി പരിഗണിക്കുന്നത്. സീപോർട്ട് എയർപോർട്ട് റോഡിനോടു ചേർന്നുകിടക്കുന്ന പ്രദേശത്ത് ബസ് ടെർമിനൽ വരുന്നതെന്നതിനാൽ അന്തർ ജില്ലാ ബസ് സർവീസുകൾക്കും ഇവിടെ കേന്ദ്രീകരിക്കാനാകുമെന്ന വിലയിരുത്തലും ഉണ്ടായിരുന്നു.
ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽനിന്നു നിലവിൽ കാക്കനാടുവഴി കടന്നുപോകുന്ന ബസുകൾക്കും ഇവിടം ഇടത്താവളമാക്കാനും ലക്ഷ്യമുണ്ടായിരുന്നു. സീപോർട്ട് എയർപോർട്ട് റോഡ് നെടുമ്പാശേരി വരെ നീട്ടുന്നതോടെ കാക്കനാട് ബസ് ടെർമിനലിന്റെ സാദ്ധ്യത വർദ്ധിക്കുമെന്നാണ് നഗരസഭയുടെ വിലയിരുത്തൽ. ഇപ്പോൾ കലൂർ ബസ് സ്റ്റാൻഡിലെത്തുന്ന ബസുകൾ കാക്കനാടുവരെ നീട്ടുന്നകാര്യം നേരത്തെതന്നെ ആർ.ടി.എ അധികൃതരുടെ പരിഗണനയിലുണ്ട്.
# നിലംപൊത്താറായി മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ്
തൃക്കാക്കര നഗരസഭ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് ഏതുനിമിഷവും നിലം പൊത്താവുന്ന അവസ്ഥയിൽ. മേൽക്കൂരയിൽനിന്നും കോൺക്രീറ്റ് പാളികൾ അടർന്നുവീഴുന്നുണ്ട്. പില്ലറുകളിൽ സിമന്റ് ഇളകി പലയിടത്തും കമ്പി പുറത്തുകാണാം. സംസ്ഥാനത്തെ ഏറ്റവും വരുമാനമുളള നഗരസഭയായ തൃക്കാക്കരയിലാണ് ജീവാപായ ഭീഷണിയുമായി ഈ ദുർബലമന്ദിരം നിലകൊള്ളുന്നത്. വൻതുകമുടക്കി ഇടക്കിടെ നവീകരിക്കുന്ന നഗരസഭാ മന്ദിരത്തോട് ചേർന്നുള്ള കെട്ടിടത്തിന്റെ ദുരവസ്ഥ മനസിലാക്കാൻ ഭരണക്കാർക്കോ ഉദ്യോഗസ്ഥർക്കോ നേരമില്ലെന്നതാണ് സ്ഥിതി. 35 വർഷം മുമ്പ് അന്നത്തെ പഞ്ചായത്ത് പണികഴിപ്പിച്ചതാണ് കെട്ടിടം.
# അറ്റകുറ്റപ്പണി നടത്താത്ത 35 വർഷം
1985 മേയിലാണ് ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിച്ചത്. 18 കടമുറികളും ലേലംചെയ്തുനൽകി. പിന്നീട് കെട്ടിടത്തിന് കാര്യമായ അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. പെയിന്റിംഗ് പോലും അപൂർവമായിരുന്നു. മഴക്കാലത്ത് ചോർച്ച രൂക്ഷമായപ്പോൾ പരാതികളെത്തുടർന്ന് മൂന്നുവർഷം മുമ്പ് മുകളിൽ ഷീറ്റിട്ടതാണ് കാര്യമായി ചെയ്ത പണി.