മൂവാറ്റുപുഴ: നഗരസഭയുടെ പുഴയോര നടപ്പാതയിൽ വഴിവിളക്കുകൾ സ്ഥാപിച്ചു. 2018- ലെ പ്രളയത്തിൽ ഇവിടെ സ്ഥാപിച്ചിരുന്ന ലൈറ്റുകൾ ഏറെയും നശിച്ചിരുന്നു. ശേഷിക്കുന്നവ സാമൂഹിക വിരുദ്ധർ നശിപ്പിക്കുകയും ചെയ്തിരുന്നു. ബന്ധപ്പെട്ടവരുടെ ശ്രദ്ധ ഇവിടെ പതിയാതെ വന്നതോടെ നഗരവാസികൾ നടപ്പാത സഞ്ചാരത്തിന് ഉപയോഗിക്കാതായി. ഇതോടെ നടപ്പാത സാമൂഹിക വിരുദ്ധരുടെ താവളം ആകുകയും ചെയ്തു. സന്ധ്യ മയങ്ങി ഇരുൾ പടരുന്നതോടെ സായാഹ്ന സവാരിക്കാരും ഇവിടെ വരാതായി.ജോസഫ് വാഴക്കൻ എം.എൽ.എ. ആയിരിക്കെയാണ് ലതാ പാലം മുതൽ ത്രിവേണി സംഗമം വരെ തൊടുപുഴ ആറിന്റെ തീരത്ത് നടപ്പാത നിർമ്മിച്ചത്. ടൈൽസ് പാകി മനോഹരമായി നിർമ്മിച്ച നടപാതയിൽ കാറ്റ് കൊളളുന്നതിനും സമയം ചിലവഴിക്കുന്നതിനുമായി കുടുംബ സമേതം നിരവധി പേർ എത്തിയിരുന്നു. ഇതിന് പുറമെ പ്രഭാത-സായാഹ്ന സവാരിക്കാരുടെയും ഇഷ്ട കേന്ദ്രമായിരുന്നു പുഴയോര നടപ്പാത. അറ്റകുറ്റ പണികൾ നടത്താതെയും വഴിവിളക്കുകൾ പുനസ്ഥാപിക്കാതെയും ബന്ധപ്പെട്ടവർ പാത അവഗണിച്ചതോടെയാണ് ഇവിടെ നാട്ടുകാർ വരാതായത്.ഇതേ തുടർന്നാണ് നടപ്പാതയിൽ വഴിവിളക്കുകൾ സ്ഥാപിച്ചത്.നടപ്പാതയുടെ പ്രൗഢി തിരിച്ച് പിടിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ഉയർന്നിരുന്നതായി ചെയർമാൻ പി.പി.എൽദോസ് പറഞ്ഞു. കൂടുതൽ പേരെ ആകർഷിക്കുന്ന തരത്തിൽ പുഴയോര നടപ്പാത നവീകരിക്കുകയാണ് ലക്ഷ്യമെന്നും ചെയർമാൻ വ്യക്തമാക്കി.
മുൻകാല അനുഭവം കണക്കിലെടുത്ത് വെള്ളം കയറിയാലും നശിക്കാത്തഎയർ ഫിറ്റ് വാട്ടർ പ്രൂഫ് ലൈറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കല്ല് പോലുളള വസ്തുക്കൾ എറിഞ്ഞാലും തകരാത്ത കാലുകളും വിളക്ക് കവചങ്ങളുമാണുളളത്. ഇതിന് പുറമെ പാത നവീകരണത്തിനായി അഞ്ച് ലക്ഷം രൂപയും അനുവദിച്ചു.
51 പുതിയ വഴിവിളക്കുകൾ
ഒന്നര ലക്ഷം രൂപ ചെലവ്