kseb
എ.ഇ. എ.കെ.മുജീബിന്റെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി എൻജിനീയർമാർ ദേവി നന്ദനയുടെ വീട്ടിൽ വൈദ്യുതി സൗകര്യമൊരുക്കുന്നു

മൂവാറ്റുപുഴ: കല്ലൂർക്കാട് ഇലക്ട്രിക് സെക്ഷനിലെ ജീവനക്കാർ ഒത്തു കൂടിയപ്പോൾ ദേവീ നന്ദനയുടെ വീട്ടിൽ വൈദ്യുതിയെത്തി. ആയവന ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ കുഴുമ്പിതാഴം വെട്ടികുഴിയിൽ മധു - മായ ദമ്പതികളുടെ മകൾ ദേവീ നന്ദനയുടെ വീട്ടിലാണ് കല്ലൂർക്കാട് കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിലെ ജീവനക്കാരുടെ കാരുണ്യത്തിൽ വൈദ്യുതിയെത്തിയത്. കാരിമറ്റം ഗവ എൽ.പി.സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ദേവീ നന്ദനക്ക് ഓൺലൈൻ പഠനത്തിന് ഫോൺ ചാർജ് ചെയ്യാൻ നിർവാഹമില്ലായിരുന്നു. അയൽ വീടുകളെ ആശ്രയിച്ചാണ് ഫോൺ ചാർജ് ചെയ്തിരുന്നത്. ഇത് മൂലം പലപ്പോഴും ഓൺലൈൻ ക്ലാസിൽ പഠനം മുടങ്ങിയിരുന്നു. കുട്ടിയുടെ ദുരവസ്ഥ മനസിലാക്കിയ അദ്ധ്യാപിക വീട്ടിൽ വൈദ്യുതിയെത്തിക്കുന്നതിന് സഹായിക്കാൻ പറ്റുമോയെന്നറിയാൻ കല്ലൂർക്കാട് അസിസ്റ്റന്റ് എൻജിനീയർക്ക് കത്ത് നൽകി .തുടർന്ന് ഓവർസീയർ ബിജുമോൻ ടീച്ചറിൽ നിന്നും കുട്ടിയുടെ മാതാവിന്റെ ഫോൺ നമ്പർ വാങ്ങി വിളിച്ചാണ് വീട് കണ്ടെത്തിയത്. ഒറ്റമുറിയുള്ള ഷെഡാണ് ദേവീ നന്ദനയുടെ വീട് . ആയവന ഗ്രാമപഞ്ചായത്ത് മെമ്പർ ജോളി വാമറ്റം സൗജന്യമായി നൽകിയ നാല് സെന്റ് സ്ഥലത്താണ് ഇവരുടെ ഒറ്റ മുറി വീട്. പുതിയ റേഷന്‍ കാർഡ് എ.പി.എലാണ്. ഓവർസിയർ ബിജു മോനിൽ നിന്നും വിവരങ്ങളറിഞ്ഞ എ.ഇ. എ.കെ.മുജീബ് വീട് സന്ദ‌ർശിച്ച ശേഷം വീടിന്റെ വയറിംഗ് പൂർത്തികരിച്ച് കെ.എസ്.ഇ.ബി ജീവനക്കാരുടെ നേതൃത്വത്തിൽ വൈദ്യുതി നൽകാമെന്ന് തീരുമാനിച്ചു. ഓവർസിയർ ബിജു മോന്റെയും ലൈൻമാൻ സി.എ.സലീമിന്റെയും മേൽനോട്ടത്തിൽ ജോലികൾ ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച മൂന്ന് മണിയോടെ ദേവീ നന്ദനയുടെ വീട്ടിൽ പ്രകാശം പരന്നു. വാർഡ് മെമ്പർ രഹ്ന സോബിൻ, കെ..എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ എ.കെ.മുജീബ്, ഓവർസീയർ ബിജു മോൻ, ലൈൻമാൻ സി.എ.സലീം, കെ.എസ്.ഇ.ബി ജീവനക്കാർ, സ്‌കൂൾ അദ്ധ്യാപകർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ദേവീ നന്ദനയുടെ അച്ചൻ മധു മരപ്പണിക്കാരനാണ്. കൊവിഡിനെ തുടർന്ന് മരപണി ഇല്ലാതായി. മാതാവ് മായക്ക് കുട്ടിയെ ഒറ്റക്കാക്കിയിട്ട് ജോലിക്ക് പോകാനും കഴിയില്ല.