vehicles
വിവിധ ആവശ്യങ്ങളുന്നയിച്ച് ടൂറിസ്റ്റ് വാഹനങ്ങൾ റോഡിൽ ചങ്ങല തീർത്ത് പ്രതിഷേധിച്ചപ്പോൾ, ആലുവയിൽ നിന്നുള്ള ദൃശ്യം.

ആലുവ: വാഹന വായ്പകൾക്ക് രണ്ട് വർഷത്തേയ്ക്ക് പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും തിരച്ചടവ് മുടങ്ങിയതിന്റെ പേരിലുള്ള ജപ്തി നടപടികൾ നിറുത്തിവക്കണമെന്നും മറ്റും ആവശ്യപ്പെട്ട് ടൂറിസ്റ്റ് വാഹന ഉടമകളുടെ സംഘടനയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വാഹന ചങ്ങല തീർത്ത് പ്രതിഷേധം.

ചെറുതും വലുതുമായ എല്ലാത്തരം വാഹനങ്ങളും നിരത്തിൽ അണിനിരത്തിയായിരുന്നു സമരം. പൊതുജനത്തെ ബുദ്ധിമുട്ടിക്കാതെ പ്രധാന കവലകളും പാലങ്ങളും ഫ്‌ളൈഓവറുകളും ഒഴിവാക്കിയാണ് വാഹനച്ചങ്ങല തീർത്തതെന്ന് ഭാരവാഹികൾ പറഞ്ഞു.

ആലുവയിൽ പ്രതിഷേധ യോഗം അൻവർ സാദത്ത്എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോൺട്രാക്ട് കാര്യേജ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ വർക്കിംഗ് പ്രസിഡന്റ്.എ.ജെ. റിജാസ് അദ്ധ്യക്ഷത വഹിച്ചു. സി.സി.ഒ.ഏ സെക്രട്ടറി ഇജാസ്, ട്രഷറി ജോളി, മുഹമ്മദാലി, കെവിൻ, അജീശ് എന്നിവർ നേതൃത്വം നൽകി.