കൊച്ചി: നികുതി ഏകീകരണത്തിന്റെ ഭാഗമായി ഗുഡ്‌സ് ആൻഡ് സർവീസ് ടാക്‌സ് (ജി.എസ്.ടി) നടപ്പാക്കിയതിന്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് തിരുവനന്തപുരം സോണിന്റെ നേതൃത്വത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഉദ്യോഗസ്ഥരെയും വ്യവസായികളെയും ആദരിക്കും. ജി.എസ്.ടി ദിനമായ ഇന്ന് രാവിലെ 11.30ന് കൊച്ചി കമ്മീഷണറേറ്റിൽ നടക്കുന്ന ചടങ്ങിൽ പത്ത് ഓഫീസർമാർക്കും കൊവിഡ് പ്രതിരോധത്തിന്റെ മുന്നണിപ്പോരാളികളായ ഏഴുപേർക്കും വ്യവസായമേഖലയിൽ നിന്നുള്ള അഞ്ചുപേർക്കും പുരസ്കാരങ്ങൾ സമ്മാനിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ചടങ്ങ് നടത്തുമെന്ന് ചീഫ് കമ്മീഷണർ ശ്യംരാജ് പ്രസാദ്, പ്രിൻസിപ്പൽ കമ്മീഷണർ കെ.ആർ. ഉദയ് ഭാസ്‌കർ എന്നിവർ അറിയിച്ചു.