smasanam
കീഴ്മാട് ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം 'സ്മൃതിതീരം'

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം 'സ്മൃതിതീരം' വാർഷിക അറ്റകുറ്റപ്പണിക്കായി അടച്ചിട്ട് മാസങ്ങളായിട്ടും തുറക്കുന്നില്ലെന്ന് ആക്ഷേപം. കൊവിഡ് ബാധിച്ച് മരിക്കുന്നവരെ ഉൾപ്പെടെ സംസ്കരിക്കാൻ സൗകര്യമില്ലാതെ ജനം വലയുന്നു. ചൊവ്വാഴ്ച രാത്രി മരണമടഞ്ഞ എടയപ്പുറം വെളിയത്ത് ലീലയുടെ (80) മൃതദേഹം സംസ്കരിക്കുന്നതിനായി കളമശേരി പൊതുശ്മശാനത്തെ ആശ്രയിക്കേണ്ടിവന്നു.

മൂന്നരവർഷം മുമ്പാണ് പഞ്ചായത്തിലെ മുള്ളൻകുഴിയിൽ കോടികൾ മുടക്കി പൊതുശ്മശാനം തുറന്നത്. പരിസരവാസികൾ നൽകിയ ഹർജിയിൽ അനുകൂല ഉത്തരവ് നേടിയ ശേഷമാണ് തുറക്കാനായത്. എങ്കിലും കൊവിഡ് രോഗികളുടെ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനോട് അധികൃതർക്ക് വിമുഖതയായിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരെ സംസ്കരിക്കുമ്പോൾ മൃതദേഹം പൊതിഞ്ഞുകൊണ്ടുവരുന്ന പ്ലാസ്റ്റിക് ഉരുകി ബർണർ തകരാറിലാകുന്നുവെന്നായിരുന്നു കാരണം. ഇത് സംബന്ധിച്ച് 'കേരളകൗമുദി' വാർത്തയെ തുടർന്ന് 2020 ഒക്ടോബർ 28 മുതലാണ് നിലപാട് മാറ്റിയത്. ഇതിനിടയിലാണ് വാർഷിക അറ്റകുറ്റപ്പണിയുടെ പേരിൽ വീണ്ടും ശ്മശാനം അടച്ചത്.

 അറ്റകുറ്റപ്പണി വൈകുന്നത് പാരയായി

പഞ്ചായത്ത് അധികൃതരുടെ ഉത്തരവാദിത്വമില്ലായ്മയാണ് അറ്റകുറ്റപ്പണി വൈകാൻ കാരണമെന്ന് പറയുന്നു. രണ്ട് ദിവസം കൊണ്ട് തീർക്കാവുന്ന ജോലികൾ അനാവശ്യമായി താമസിപ്പിക്കുകയാണെന്നും ആക്ഷേപമുണ്ട്. പൊതുശ്മശാനം നോക്കുകുത്തിയായതിനാൽ മൃതദേഹവുമായി സമീപ പഞ്ചായത്തുകളിലെ ശ്മശാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ് ജനങ്ങൾ. കൊവിഡ് രോഗികളുടെ മൃതദേഹം സംസ്‌കരിക്കാത്തതിനെതിരെ ഉയർന്ന എതിർപ്പ് ശമിപ്പിക്കാൻ അന്നത്തെ ഭരണസമിതി പഞ്ചായത്തിലെ കൊവിഡ് ബാധിതരുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് പണം ഈടാക്കിയിരുന്നില്ല. ദുരിതകാലത്ത് ഈ ആനുകൂല്യവും നഷ്ടപ്പെടുകയാണ്. മാത്രമല്ല മറ്റ് ശ്മശാനങ്ങളെ ആശ്രയിക്കുമ്പോൾ പഞ്ചായത്ത്, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും ആവശ്യമായ രേഖകൾ ഹാജരാക്കേണ്ടതുണ്ട്. ഇതിനായും ബന്ധുക്കൾ അലയണം.

എത്രയും വേഗം പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമരമാരംഭിക്കുമെന്ന് ബി.ജെ.പി കീഴ്മാട് പഞ്ചായത്ത് പ്രസിഡന്റ് ലാൽജിയും ജനറൽ സെക്രട്ടറി എ.എസ്. സലിമോനും അറിയിച്ചു.

ഉടൻ തുറക്കും

കരാറെടുത്തവർക്ക് കൊവിഡ് ബാധിച്ചതാണ് അറ്റകുറ്റപ്പണി വൈകാൻ കാരണം. അറ്റകുറ്റപ്പണി ഭാഗികമായി പൂർത്തിയായി. ജനറേറ്ററിന്റെ തകരാറാണ് ഇനി പരിഹരിക്കാനുള്ളത്. അതുടനെ പരിഹരിച്ച് ശ്മശാനം തുറക്കും.

സതി ലാലു,

പഞ്ചായത്ത് പ്രസിഡന്റ്