കളമശേരി: ഏലൂർ നഗരസഭാ കൗൺസിൽ യോഗം ബഹളത്തിൽ കലാശിച്ചു. രാവിലെ 11 മണിക്ക് ഗൂഗിൾ മീറ്റിൽ തുടങ്ങിയ യോഗത്തിൽ ബി.ജെ.പി അംഗങ്ങളെ കൊവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സംസാരിക്കാൻ അനുവദിക്കാത്തതിലും പിന്നീട് ചർച്ചയാവാമെന്ന നിലപാടിലും പ്രതിഷേധിച്ചായിരുന്നു ബഹളം. വാർഡിൽ 3 പേർക്കുവീതം വാക്സിൻ നൽകിക്കൊണ്ടിരുന്നാൽ ഏതുകാലത്ത് തീരുമെന്നാണ് ബി.ജെ.പി കൗൺസിലർമാരുടെ ചോദ്യം. ആദ്യഡോസ് എടുക്കാൻ കഴിയാത്തവർ, നിശ്ചിത ദിവസങ്ങൾ കഴിഞ്ഞിട്ടും രണ്ടാംഡോസ് കിട്ടാത്തവർ, അന്യസംസ്ഥാന തൊഴിലാളികളുടെ അവസ്ഥ തുടങ്ങിയവയിൽ നഗരസഭ അലംഭാവം തുടരുകയാണെന്ന് ബി.ജെ.പി.കൗൺസിലർമാർ ആരോപിച്ചു.
തർക്കത്തിനും ബഹളത്തിനുമിടയിൽ ചെയർമാൻ അജണ്ട വായിക്കുകയും പാസായതായി പ്രഖ്യാപിക്കുകയും ചെയ്തു. എൻ.ഡി.എയുടെ 6 കൗൺസിലർമാരും വിയോജനക്കുറിപ്പ് നഗരസഭാ സെക്രട്ടറിക്ക് നൽകുകയും ചെയ്തു.
തിരക്ക് കുറയ്ക്കാനും എല്ലാവർക്കും വാക്സിൻ ലഭ്യമാകുന്നതിനും അടിയന്തര നടപടിവേണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് പി.എം. അയൂബ് ആവശ്യപ്പെട്ടു. അജണ്ടയ്ക്കുശേഷം ചർച്ചയാവാമെന്ന് പറഞ്ഞതിനാലാണ് കോൺഗ്രസ് കൗൺസിലർമാർ തർക്കത്തിൽ പങ്കുചേരാതിരുന്നത്
അജണ്ട പൂർത്തിയാക്കിയ ശേഷം കൊവിഡ് സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന് പറഞ്ഞത് കേൾക്കാൻ തയ്യാറാകാതിരുന്നതിനാലാണ് തർക്കവും ഒച്ചപ്പാടും ഉണ്ടായതെന്ന് നഗരസഭാ ചെയർമാൻ എ .ഡി .സുജിൽ പറഞ്ഞു. കളമശേരിയിൽ ഏലൂരിനേക്കാൾ ജനസംഖ്യ കൂടുതലുള്ളതിനാൽ രണ്ട് ഹെൽത്ത് സെന്ററുകൾ ഉണ്ട്. ഏലൂരിൽ ഒരു സെന്റർ മാത്രമേയുള്ളു. പരിമിതികൾക്കുളളിലും കൂടുതൽപേർക്ക് വാക്സിനേഷനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.