കൊച്ചി: കോർപ്പറേഷൻ പരിധിയിൽ കൊവിഡ് വാക്‌സിനേഷൻ കാര്യക്ഷമമാക്കാൻ ഔട്ട് റീച്ച് സെന്ററുകളിലൂടെ സ്‌പെഷ്യൽഡ്രൈവ് നടത്തുമെന്ന് മേയർ എം. അനിൽകുമാർ കൗൺസിൽ യോഗത്തിൽ പറഞ്ഞു. ഇതിനായി നഗരത്തെ എട്ടുസോണുകളാക്കി തിരിക്കും. കൂടുതൽ ജനസാന്ദ്രതയേറിയ തോപ്പുംപടി പ്രദേശത്തെ ഏഴുഡിവിഷനുകളിൽ ആദ്യം പദ്ധതി നടപ്പാക്കും.
നിലവിൽ 19 വാക്‌സിനേഷൻ കേന്ദ്രങ്ങളിലായാണ് നഗരപരിധിയിൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ വാക്‌സിനേഷൻ നടത്തുന്നത്. ഒന്നാംഡോസെടുത്ത് നൂറുദിവസം പിന്നിട്ടവർക്കും അവശജനവിഭാഗങ്ങൾക്കും മുൻഗണന നൽകാനാണ് പ്രത്യേക വാക്‌സിനേഷൻഡ്രൈവുകൾ. പെയ്ഡ് വാക്‌സിനേഷൻ നടത്താൻ കഴിയുന്നവർക്കായി വിവിധ സ്വകാര്യ ആശുപത്രികൾ ദിനംപ്രതി 100 ഡോസുകൾ കോർപ്പറേഷനായി വാഗ്ദാനം ചെയ്തിട്ടുണ്ട്. കൗൺസിലർമാർ മുഖേന ഇതിനായി ബുക്ക് ചെയ്യാനാകും.
വാക്‌സിനേഷൻ ലഭ്യമാക്കുന്നതിൽ ജനങ്ങളിൽനിന്ന് വ്യാപകമായ പരാതികൾ ഉയരുന്നതായി ഭരണ,പ്രതിപക്ഷ ഭേദമെന്യേ കൗൺസിലർമാർ ചൂണ്ടിക്കാട്ടി. നിലവിലെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നൂറിൽ താഴെ ഡോസുകളാണ് ഒരു കൗൺസിലർക്കായി ലഭിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആൻറണി കുരീത്തറ പറഞ്ഞു. വാക്‌സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം എട്ടായി ചുരുക്കുമ്പോൾ ലഭ്യത വീണ്ടും കുറയുമോയെന്ന് പരിശോധിക്കണം. ഓരോ വാർഡിലും അഞ്ഞൂറോളംപേർ രണ്ടാംഡോസിനായി കാത്തിരിക്കുന്ന അവസ്ഥയാണ് വരാൻ പോകുന്നത്. ഇത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊന്നുരുന്നി സ്‌കൂളിലെ കേന്ദ്രത്തിൽ രണ്ടാം ഡോസിനായി ആളുകളെ തിരഞ്ഞെടുത്തപ്പോൾ 112 ദിവസം കഴിഞ്ഞവർ മാത്രമേ പാടുള്ളൂവെന്ന മാനദണ്ഡമാണ് പറഞ്ഞതെന്ന് കൗൺസിലർ മേഴ്‌സി പറഞ്ഞു. എന്നാൽ മറ്റ് ഡിവിഷനുകളിൽ അത്തരം നിബന്ധനയില്ലെന്ന് അറിഞ്ഞു. വാക്‌സിൻ വിതരണത്തിൽ ഏകീകൃത മാനദണ്ഡം വേണമെന്ന് അവർ ആവശ്യപ്പെട്ടു.