കൊച്ചി: ലോക്ഡൗണിനെ തുടർന്നുള്ള പരിശോധനയ്‌ക്കിടെ പൊലീസുകാരെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപിച്ച കേസിലെ പ്രതി മറയൂർ കോവിൽകടവ് സ്വദേശി സുലൈമാന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പൊതുസ്ഥലത്ത് മാസ്ക് ധരിക്കാതെ നിന്നതു ചോദ്യം ചെയ്ത മറയൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അജീഷ് പോൾ, എസ്.എച്ച്.ഒ ജി.എസ് രതീഷ് എന്നിവരെയാണ് പ്രതി കല്ലുകൊണ്ട് ആക്രമിച്ചത്.
തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ അജീഷ് പോളിന് ആറു ദിവസം വെന്റിലേറ്ററിൽ കഴിയേണ്ടി വന്നു. ആക്രമണത്തെത്തുടർന്ന് സംസാരശേഷിയും വലതു കൈകാലുകളുടെ ചലന ശേഷിയും നഷ്ടപ്പെട്ട നിലയിലാണ് അജീഷിനെ ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്ന അജീഷിനെ കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്തത്. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ജാമ്യം അനുവദിച്ചാൽ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനിടയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം സിംഗിൾബെഞ്ച് ശരിവച്ചു. പൊതുസ്ഥലത്ത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്നു മാത്രമല്ല, ഇതു ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ആക്രമിക്കുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാവില്ല. അതേസമയം പ്രതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ ചികിത്സ ലഭ്യമാക്കണമെന്നു ജയിൽ സൂപ്രണ്ടിനു നിർദ്ദേശം നൽകിയിട്ടുമുണ്ട്.