fathima-bike-2
റേസിംഗ് ട്രാക്കിൽ സ്റ്റണ്ടിംഗ് പരിശീലിക്കുന്ന ഫാത്തിമ

കൊച്ചി: ആറു വയസു മാത്രം. പക്ഷേ, കുഞ്ഞു ഫാത്തിമയുടെ റേസിംഗ് ട്രാക്കിലെ മികവ് കണ്ടാൽ അമ്പരക്കും. ബൈക്ക് സ്റ്റണ്ടിംഗിൽ വിസ്മയമാവുകയാണ് ആലുവ സ്വദേശി ഫാത്തിമ നെഷ്വ. യൂട്യൂബിൽ മകൾ നിരന്തരം റേസിംഗ് വീഡിയോകൾ കണ്ട് ആസ്വദിച്ചപ്പോൾ അത് കളിയല്ല, കാര്യമാകുമെന്ന് വീട്ടുകാർ കരുതിയില്ല.

നിർബന്ധം പിടിച്ചപ്പോൾ അവൾക്കായി​ ഒരു കുട്ടി ബൈക്ക് എറണാകുളത്ത് നിന്ന് വാങ്ങി​. അത് അധികനാൾ ഓടിയില്ല. പി​ന്നെ പിതാവ് അബ്ദുൾ കലാം ആസാദ് ഡൽഹിയിൽ നിന്ന് ബൈക്ക് വരുത്തിച്ചു. ബൈക്ക് സ്റ്റണ്ടർമാർ ഉപയോഗിക്കുന്ന സുരക്ഷാ കിറ്റും വാങ്ങി. പരിശീലകൻ പി​താവ് തന്നെ.

വീട്ടുമുറ്റത്ത് പരിശീലനത്തിന് സ്ഥലം തികയില്ലെന്നായതോടെ അടുത്തുള്ള പുരയിടത്തിൽ ട്രാക്കൊരുക്കി. കുണ്ടും കുഴിയും കയറ്റവും ഇറക്കവുമെല്ലാമുള്ള കിടിലൻ ട്രാക്ക്. കയറ്റിറക്കങ്ങളിൽ മകൾ അനായാസമായി ബൈക്കോടിച്ചു കണ്ടതോടെ പ്രോത്സാഹനവും കൂട്ടി​. ദിവസവും രാവിലെയും വൈകിട്ടുമാണ് പരിശീലനം.

ഫാത്തിമയുടെ അഭ്യാസ പ്രകടനങ്ങൾക്കായി​ തുടങ്ങി​യ യൂട്യൂബ് ചാനലാണ് അവളെ പ്രശസ്തയാക്കി​യത്. സ്‌കേറ്റിംഗിലും ഡാൻസിലും ചെയർ സ്‌പ്ളി​​‌റ്റിംഗിലും ഫാത്തിമ മിടുക്കിയാണ്. അമ്മ ഷബ്‌നയും ചേച്ചി ഹയ ഫാത്തിമയും കുഞ്ഞനിയൻ അഹമ്മദ് ഹമ്പലും കട്ട സപ്പോർട്ടുമായി ഒപ്പമുണ്ട്. ഇകൊമേഴ്സ് ബി​സി​നസുകാരനാണ് പി​താവ്.

മത്സര ട്രാക്കിലേക്ക്

നാലു വയസ് മുതലുള്ള കുട്ടികൾക്കായി കോയമ്പത്തൂരിലും ബംഗളൂരുവിലും റേസിംഗ് മത്സരമുണ്ട്. അവയിൽ ഫാത്തിമയെ പങ്കെ‌ടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് പിതാവ്.

49 സി.സി

49സി.സി ബൈക്കാണ് ഫാത്തി​മയുടേത്. 50സി.സിയിൽ കൂടുതലുണ്ടെങ്കിലേ ലൈസൻസ് വേണ്ടൂ. സ്വകാര്യ സ്ഥലത്ത് പരിശീലനം ഒതുക്കി​യതും നിയമക്കുരുക്കിനെ അകറ്റി നിർത്തുന്നു.

ആദ്യമൊക്കെ പേടിയുണ്ടായിരുന്നു. റേസിംഗിൽ സൂപ്പറാകണം.

- ഫാത്തിമ