11
നഗരസഭാ മാർക്കറ്റ്

തൃക്കാക്കര: തൃക്കാക്കര നഗരസഭയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ മാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ളക്സ് ഉദ്ഘാടനം കഴിഞ്ഞ് ഒന്നരവർഷം വർഷമായിട്ടും പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തിട്ടില്ല. 19,000 സ്‌ക്വയർ ഫീറ്റിൽ നഗരസഭ ഷോപ്പിംഗ് കോംപ്ളക്സും 1600 സ്‌ക്വയർ ഫീറ്റിൽ പൊതുമാർക്കറ്റുമാണ് കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തത്. ഇരുപത് സെന്റ് സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ നാലുകോടിരൂപയോളം ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയത്.

# പുനരധിവാസം കാത്ത് കച്ചവടക്കാർ
മാർക്കറ്റ് നവീകരണത്തിന്റെ ഭാഗമായി മത്സ്യം, മാംസം, പച്ചക്കറി കച്ചവടം നടത്തിയിരുന്ന 16 പേരെ ഒഴിപ്പിച്ചിരുന്നു. ഇവരെ തൃക്കാക്കര നഗരസഭ കാക്കനാട് പളളിക്കര റോഡുവക്കിൽ കച്ചവടം നടത്താൻ അനുവദിക്കുകയായിരുന്നു. ഷീറ്റുകൾകെട്ടി ഇവർ കച്ചവടം നടത്തിവരികയാണ്. പുതിയ മാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ളക്സ് ഉദ്ഘാടനം കഴിഞ്ഞതോടെ സുരക്ഷിതമായി കച്ചവടം നടത്താൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കച്ചവടക്കാർ.


സൗകര്യങ്ങൾ

# പൊതുമാർക്കറ്റിലെ കടമുറികളിൽ പ്രധാനമായും ചിക്കൻ, പലചരക്ക്, പച്ചക്കറി കച്ചവടക്കാർക്കായാണ് ഒരുക്കിയിരിക്കുന്നത്.
# നാലുനിലകളുള്ള ഷോപ്പിംഗ് കോംപ്ളക്‌സിന്റെ താഴെഭാഗം പാർക്കിംഗ്

# രണ്ടുമുതൽ നാല് വരെയുളള നിലകളിൽ സൂപ്പർ മാർക്കറ്റുകൾ
# മറ്റ് വ്യാപാര സ്ഥാപനങ്ങൾ,ഓഫീസുകൾ, ബാങ്കുകൾ

# നിലവിൽ മാലിന്യസംസ്കരണ പ്ലാന്റിരിക്കുന്ന സ്ഥലം മത്സ്യക്കച്ചവടത്തിന്

# ഇതാണ് ചരിത്രം

കാക്കനാട് ജംഗ്ഷനിൽ റോഡിന് ഇരുവശങ്ങളിലുമായി കച്ചവടം നടത്തിയിരുന്നവരെ വർഷങ്ങൾക്ക് മുമ്പ് അന്നത്തെ പഞ്ചായത്ത്‌ ഭരണസമിതി ഒഴിപ്പിച്ച്‌ കാക്കനാട് കെമിക്കൽ ലാബിന് സമീപം മാർക്കറ്റ്‌ സ്ഥാപിച്ച് പുനരധിവസിപ്പിച്ചിരുന്നു. മാർക്കറ്റിൽ മത്സ്യ, മാംസ വില്പനക്കും മറ്റുമായി പത്തു കടമുറികളും ഷട്ടറില്ലാത്ത കടമുറി എട്ടെണ്ണവുമാണ് ഉള്ളത്. ഇതിൽ പത്താം നമ്പർ കടമുറി എസ്.സി. വിഭാഗത്തിനും ഒന്നാംനമ്പർ കടമുറി കുടുംബശ്രീക്കും സംവരണം അനുവദിച്ചിട്ടുള്ളതാണ്. ആദ്യകാലത്ത് കടമുറികളിൽ പലതും ലേലത്തിൽ പോയെങ്കിലും വെളിച്ചം, വെള്ളം എന്നിവ ഇല്ലാത്തതിനാൽ പലർക്കും നഗരസഭയിൽ കെട്ടിവെച്ച സെക്യൂരിറ്റി തുകപോലും വാങ്ങാതെ കടമുറികൾ ഉപേക്ഷിച്ചു പോകേണ്ടിവന്നു. പിന്നീട് മാർക്കറ്റ് നവീകരണത്തിന്റെ ഭാഗമായി അവരെ കാക്കനാട് പള്ളിക്കര റോഡ് വക്കിൽ കച്ചവടം നടത്താൻ അനുവദിക്കുകയായിരുന്നു.