കൊച്ചി: എയർടെൽ, ജിയോ കമ്പനികൾക്ക് നഗരത്തിൽ കേബിളിടാൻ മുൻകൂർ അനുമതി നൽകിയതിനെച്ചൊല്ലി കോർപ്പറേഷൻ കൗൺസിലിൽ വിവാദം. 15 കോടി രൂപ വാങ്ങി മുൻകൂർ അനുമതി നൽകിയതിൽ അഴിമതി ആരോപിച്ച് യു.ഡി.എഫ് കൗൺസിലർ ആന്റണി പൈനൂത്തറ രംഗത്തെത്തി.

ഇരു കമ്പനികളും കോർപ്പറേഷനിലേക്ക് മുൻ പ്രവൃത്തികൾക്ക് കോടികൾ നൽകാനുള്ളപ്പോൾ ധനകാര്യ കമ്മിറ്റിയുടെ അനുമതിയില്ലാതെ കേബിളിടാൻ സമ്മതം നൽകിയത് ചട്ടങ്ങൾ പാലിക്കാതെയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ കൗൺസിലർമാരായ ദീപ്തി മേരി,വി.കെ.മിനിമോൾ, എം.ജി.അരിസ്റ്റോട്ടിൽ എന്നിവരും കേബിൾ കമ്പനികൾക്ക് മുൻകൂർ അനുമതി നൽകിയതിനെ എതിർത്തു. അപേക്ഷ സമർപ്പിച്ച് മൂന്നു മാസത്തിനുള്ളിൽ ഫയൽ പാസാക്കിയതിൽ ദുരൂഹതയുണ്ടെന്ന് എം.ജി.അരിസ്റ്റോട്ടിൽ പറഞ്ഞു. ഒരു മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിനൊടുവിൽ ഇതുസംബന്ധിച്ച പത്തു ഫയലുകളും ഫിനാൻസ് കമ്മിറ്റിയുടെ അനുമതിക്ക് വിടാൻ കൗൺസിൽ തീരുമാനിച്ചു.

റോഡ് പുനരുദ്ധാരണ ഫീസ് ഈടാക്കി റോഡ് മുറിക്കാനുള്ള അനുമതി നഗരാസൂത്രണകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ഫെബ്രുവരി 26ലെ യോഗത്തിൽ ശുപാർശ ചെയ്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് ഉൾപ്പെടുന്ന സ്റ്റിയറിംഗ് കമ്മിറ്റിയിൽ ചർച്ചചെയ്താണ് അനുമതി നൽകിയതെന്നും മേയർ എം. അനിൽകുമാർ പറഞ്ഞു.
കൊവിഡ് ലോക്ക് ഡൗൺ കാലത്ത് കാന ശുചീകരണത്തിനും ശമ്പളം നൽകാനും കരാറുകാരുടെ കുടിശിക തീർക്കാനും ഒക്കെ ഉപയോഗപ്പെടുത്തിയത് ഇരുകമ്പനികളിൽ നിന്നും ഇടാക്കിയ പണമാണ്. ആറുമാസം കോർപ്പറേഷൻ പ്രവർത്തനങ്ങൾ മുന്നോട്ടുപോയത് ഇതിലൂടെയാണ്. തന്റെ കൈകൾ ശുദ്ധമാണെന്നും അഴിമതിയാരോപണത്തിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും മേയർ പറഞ്ഞു. പദവി വിട്ടൊഴിയേണ്ടി വരുമെന്ന ഭീഷണിപ്പെടുത്തൽ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.