road
മന്ത്രിയോട് പരാതിപ്പെട്ടതിനെ തുടർന്ന് ചാലയ്ക്കൽ - തടിയിട്ടപറമ്പ് റോഡിൽ ടൈൽ വിരിച്ച വശങ്ങളിൽ റോഡരുകിൽ മണ്ണിട്ട് ആഴം കുറക്കുന്നു

ആലുവ: പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനോട് പരാതിപ്പെട്ടപ്പോൾ 24 മണിക്കൂറിനകം നടപടി. കീഴ്മാട് പഞ്ചായത്ത് ചാലയ്ക്കൽ കൈനാടൻമല സ്വദേശി ജോർജിന്റെ പരാതിയിലാണ് വേഗത്തിൽ പരിഹാരമുണ്ടായത്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട പരാതി പരിഹരിക്കുന്നതിനായി തിങ്കളാഴ്ചതോറും നടത്തുന്ന 'റിംഗ് റോഡ് 'ഫോൺ ഇൻ പരിപാടിയിലാണ് മന്ത്രിയോട് പരാതി പറഞ്ഞത്.

ഉന്നത നിലവാരത്തിൽ പുനർനിർമ്മിച്ച ചാലയ്ക്കൽ - തടിയിട്ടപറമ്പ് റോഡിൽ കൈനാടൻമല പാടത്തിന് സമീപം റോഡ് കുറച്ചുഭാഗം കോൺക്രീറ്റ് ടൈൽസ് പാകിയിട്ടുള്ളതാണ്. ഈ ഭാഗത്ത് ടൈൽസ് ഇട്ടതോടെ റോഡ് ചെറുതായി പൊങ്ങുകയും ഇരുവശത്തും താഴ്ച കൂടുകയും ചെയ്തു. ഇത് വാഹനങ്ങൾ അപകടത്തിനിടയാക്കാൻ സാദ്ധ്യതകൂട്ടും. ഇതേത്തുടർന്നാണ് ഈ വിഷയം മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത്. മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയും ഉടൻ നടപടിയുണ്ടാവണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. റോഡിന്റെ ഇരുവശത്തും മണ്ണിട്ട് താഴ്ചയുള്ള ഭാഗങ്ങൾ നികത്തി പ്രശ്‌നം പരിഹരിച്ചു.