പിറവം: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനെ ഹൈടെക് സ്കൂൾ നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വി.ശിവൻകുട്ടിക്ക് നഗരസഭ നിവേദനം നൽകി. ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ്, ഡെപ്യൂട്ടി ചെയർമാൻ കെ.പി സലിം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ: ബിമൽ ചന്ദ്രൻ എന്നിവർ മന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് നിവേദനം നൽകിയത്. കഴിഞ്ഞ തവണ സർക്കാർ പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 5 കോടി 90 ലക്ഷം രൂപ അനുവദിച്ചതിൽ 1.35 ലക്ഷം രൂപയുടെ പ്രവർത്തനം മാത്രമാണ് ഇത് വരെ നടന്നിട്ടുള്ളത്. കിച്ചൺ ഡൈനിംഗ് ഹാൾ, സ്കിൽ ലാബ് എന്നിവയ്ക്കു വേണ്ടിയുള്ള കെട്ടിടമാണ് ഈ തുക ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്നത്. സ്കൂളിന്റെ പ്രധാന ഭാഗമായ ക്ലാസ് മുറികൾ അടങ്ങുന്ന കെട്ടിടത്തിന്റെ നിർമ്മാണം ഇനിയും ആരംഭിച്ചിട്ടില്ല. അതിനാൽ കെട്ടിട നിർമ്മാണം പൂർത്തികരിക്കാൻ അടിയന്തരമായി മന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെടുകയും ഗൗരവമായി പരിഗണിക്കാമെന്നും അടിയന്തര നടപടി സ്വീകരിക്കാമെന്നും മന്ത്രി ഉറപ്പ് നൽകിയതായി ഭരണസമിതി നേതൃത്വം അറിയിച്ചു.