നെടുമ്പാശേരി: വിമാനത്താവളത്തിന്റെ സാമീപ്യം നെടുമ്പാശേരിയുടെ വികസനക്കുതിപ്പിന് വഴിയൊരുക്കിയെങ്കിലും സാമൂഹ്യവിരുദ്ധരുടെയും ക്രിമിനലുകളുടെയും താവളമായത് ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്. സ്വർണക്കടത്ത്, മയക്കുമരുന്ന്, പെൺവാണിഭം തുടങ്ങിയവയുമായി ബന്ധപ്പെട്ട നിയമവിരുദ്ധ സംഘങ്ങളാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ സാദ്ധ്യത മുതലെടുത്ത് പ്രദേശത്ത് തമ്പടിക്കുന്നത്.

പ്രാദേശിക സംഘങ്ങളെക്കൂടാതെ പുറമെ നിന്നുള്ളവരും തമ്പടിക്കുന്നു. അടുത്തിടെ വിദേശത്ത് നിന്നെത്തിയ യുവാവിനെ സ്വർണക്കടത്ത് കരിയറാണെന്ന് സംശയിച്ച് തട്ടിക്കൊണ്ടുപോയ കേസിൽ 12 പ്രതികൾ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പഞ്ചനക്ഷത്ര ഹോട്ടലുകളും ഫ്ലാറ്റുകളും അപ്പാർട്ടുമെന്റുകളും കേന്ദ്രീകരിച്ചാണ് പെൺവാണിഭ സംഘങ്ങളുടെ പ്രവർത്തനം. 2015ൽ കേരള പൊലീസിന്റെ 'ഓപ്പറേഷൻ ബിഗ് ഡാഡി'യുടെ ഭാഗമായി നടന്ന പരിശോധനയിൽ ഓൺലൈൻ പെൺവാണിഭസംഘം വലയിലായിരുന്നു. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ച ചില സംഘങ്ങളും പലപ്പോഴായി പൊലീസിന്റെ വലയിലായിട്ടുണ്ട്. എന്നിട്ടും ഇത്തരം സംഘങ്ങൾ ഇവിടംവിടാൻ മടിക്കുന്നു.

 സ്വർണക്കടത്തും സജീവം

വിമാനത്താവളം വഴി വൻതോതിൽ സ്വർണ കള്ളക്കടത്തും നടക്കുന്നുണ്ട്. വൻ രാഷ്ട്രീയ സ്വാധീനമുള്ള സംഘങ്ങളാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. വിമാനത്താവള - വിമാനജീവനക്കാരിൽ ചിലരെ കണ്ണികളാക്കിയാണ് സ്വർണക്കടത്ത്. യാത്രക്കാരൻവഴി കൊണ്ടുവന്ന സ്വർണം സുരക്ഷിതമായി പുറത്തുകടത്താൻ ശ്രമിക്കുന്നതിനിടെ ജെറ്റ് എയർവേസ് ജീവനക്കാരൻ ആഴ്ചകൾക്ക് മുമ്പാണ് ഡി.ആർ.ഐയുടെ പിടിയിലായത്. കസ്റ്റംസ് ഉദ്യോഗസ്ഥരും സ്വർണക്കടത്ത് കേസിൽ പിടിയിലായിട്ടുണ്ട്.

 മയക്കുമരുന്ന് കടത്തിലും മുന്നിൽ

വൻതോതിൽ മയക്കുമരുന്നും നെടുമ്പാശേരി വിമാനത്താവളം വഴി കടത്തുന്നുണ്ട്. നെടുമ്പാശേരി വഴി ന്യൂഡൽഹിയിലേക്ക് 20 കോടി രൂപയുടെ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച ദോഹയിൽ നിന്നെത്തിയ സിംബാംബ് വേ സ്വദേശിനിയായ യുവതി ഒരാഴ്ച മുമ്പാണ് പിടിയിലായത്. കാർഗോ വഴി വിദേശത്തേക്ക് അയക്കുന്ന പാർസലിൽ വരെ മയക്കുമരുന്ന് കടത്താൻ ശ്രമം നടന്നിരുന്നു. നിയമവിരുദ്ധ ഇടപാടുകളെല്ലാം നിയന്ത്രിക്കുന്നത് വൻ ക്വട്ടേഷൻ സംഘങ്ങളാണെന്നാണ് സൂചന. വിമാനത്താവളത്തിൽ സ്വർണം എത്തിയാലും മയക്കുമരുന്ന് കയറ്റിവിടാനും കരിയർമാർ അറിയാതെ തന്നെ ക്വട്ടേഷൻ സംഘാംഗങ്ങൾ അകമ്പടിയുണ്ടാകും.

ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്.