കൂത്താട്ടുകുളം: പ്രത്യേക പരിഗണന വേണ്ട കിടപ്പിലായ കുട്ടികൾക്ക് വിദ്യാലയ അനുഭങ്ങൾ ഉറപ്പാക്കുന്ന സ്‌പേസ് പദ്ധതി പാലക്കുഴ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങുന്നു.സമഗ്ര ശിക്ഷ കേരളം കൂത്താട്ടുകുളം ബി.ആർ.സി ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുക.പ്രത്യേക സഹായം വേണ്ട കുട്ടികൾക്ക് ക്ലാസ് മുറികളിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കുകയും ഡോക്ടർ, കൗൗൺസിലർ, സ്പെഷ്യൽ എഡ്യുക്കേറ്റററായ തുടങ്ങിയവരുടെ സേവനം ലഭ്യമാക്കും.
സവിശേഷമായ ക്ലാസ് മുറി ഒരുക്കി നൂതനമായ സാങ്കേതിക വിദ്യകളും ഉറപ്പാക്കും.ക്ലാസ് മുറിയിലേക്ക് ആവശ്യമായ സഹായ ഉപകരണങ്ങൾ വാങ്ങാൻ സമഗ്ര ശിക്ഷ കേരളം അഞ്ച് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് സമപ്രാരായക്കാരായ മറ്റ് കുട്ടികൾക്കൊപ്പം ഇരുന്ന് പഠന പ്രക്രിയയിൽ ഏർപ്പെടുന്നുയെന്ന് ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.ജില്ലയിൽ പാലക്കുഴ കൂടാതെ വൈപ്പിൻ - ഞാറക്കൽ ഗവൺമെന്റ് എസ്.എസ്.എസ്, കോതമംഗലം പൊയ്ക ഗവൺമെന്റ് എച്ച്.എസ് എന്നീ സ്കൂളുകൾക്കും സ്‌പേ‌സ് അനുവദിച്ചിട്ടുണ്ട്.ഭിന്ന ശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേക സൗകര്യം ഒരുക്കണമെന്ന പാലക്കുഴ പഞ്ചായത്ത് ഭരണസമിതിയുടെ അപേക്ഷ പരിഗണിച്ചാണ് സർക്കാർ പദ്ധതിക്ക് അനുമതി നൽകിയത്.സെന്റർ ഉടൻ പ്രവർത്തനം തുടങ്ങുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എ.ജയ, വൈസ് പ്രസിഡന്റ് എം.കെ ബിജു എന്നിവർ പറഞ്ഞു.