വൃക്കരോഗ ചികിത്സാ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് എറണാകുളം വി.പി.എസ് ലേക്ക് ഷോർ ആശുപത്രിയിലെ നെഫ്രോളജി ആൻഡ് കിഡ്നി ട്രാൻസ്പ്ലാന്റ് സർവീസസ് ഡയറക്ടർ ഡോ. എം. എബി എബ്രഹാം. പതിനായിരക്കണക്കിന് രോഗികളുടെ പ്രിയപ്പെട്ട ചികിത്സകൻ. സൗമ്യമായ പെരുമാറ്റവും സൗഹാർദപരവും സ്നേഹസമ്പൂർണമായ ഇടപെടലുകളും കൊണ്ട് രോഗികളുടെ മനസും കീഴടക്കുന്നയാൾ. 1500ൽ പരം വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മുമ്പും തുടർന്നുമുള്ള ചികിത്സകൾക്ക് നേതൃത്വം നൽകിയ അപൂർവമായ അനുഭവ സമ്പത്തിനുടമ. അവയവ ദാനം പ്രോത്സാഹിപ്പിക്കാൻ ഡോ. എബി നടത്തിയ ശ്രമങ്ങൾ വിലപ്പെട്ടതാണ്.
ഡോ. എം. എബി എബ്രഹാമിനെ കുറിച്ച് ......
കേരളത്തിൽ പ്രമേഹത്തിനും രക്തസമ്മർദത്തിനും ഒപ്പം വൃക്കരോഗങ്ങളും മുമ്പൊന്നുമില്ലാത്ത രീതിയിൽ ആശങ്കാജനകമാംവിധം വർദ്ധിക്കുകയാണ്. ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുകയും സുഖസൗകര്യങ്ങൾ വർദ്ധിക്കുകയും ചെയ്തതോടെയാണ് ഈ പ്രവണതയ്ക്ക് തുടക്കമായത്. അലസമായ ജീവിതരീതിയും അമിതമായ ഭക്ഷണവും വ്യായാമം ഇല്ലായ്മയും തന്നെയാണ് വൃക്കരോഗത്തിലേക്ക് നയിക്കുന്ന മുഖ്യകാരണങ്ങൾ.
അൽപ്പം കരുതലോടെ ജീവിച്ചാൽ ജനിതകമായ പ്രശ്നങ്ങൾ കൊണ്ടല്ലാതെ രൂപപ്പെടുന്ന വൃക്കരോഗങ്ങളെ ഒഴിവാക്കി നിറുത്താവുന്നതേയുള്ളൂ. കൃത്യമായ സമയത്ത് തന്നെ രോഗം കണ്ടെത്തിയാൽ നല്ല ചികിത്സ കൊണ്ടും രോഗത്തെ അകറ്റി ആരോഗ്യജീവിതം നയിക്കാം. പക്ഷേ മലയാളികളുടെ പൊതുസ്വഭാവം രോഗത്തെ അവഗണിക്കുക എന്നതാണ്. ഒടുവിൽ പിടിവിട്ടു കഴിയുമ്പോൾ ചികിത്സ തേടും. അപ്പോഴേക്കും വൃക്ക മാറ്റിവയ്ക്കേണ്ട അവസ്ഥയിലേക്ക് എത്തിയിട്ടുമുണ്ടാകും. എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലെ നെഫ്രോളജി ആൻഡ് കിഡ്നി ട്രാൻസ്പ്ലാന്റ് സർവീസസ് ഡയറക്ടർ ഡോ. എം. എബി എബ്രഹാം പറയുന്ന കാര്യങ്ങളാണിവ. മൂന്നു പതിറ്റാണ്ട് നീളുന്ന വൃക്കരോഗ ചികിത്സയുടെ അനുഭവങ്ങൾ അദ്ദേഹം പങ്കുവയ്ക്കുമ്പോൾ ഈ രോഗം നമ്മൾ മലയാളികൾ വിളിച്ചു വരുത്തുകയാണോ എന്ന് തോന്നിപ്പോകും.
2002 മുതൽ ലേക്ക് ഷോർ ആശുപത്രിയിലുണ്ട് ഡോ. എം. എബി എബ്രഹാം. ദിവസവും നൂറോളം വൃക്കരോഗികളെ അദ്ദേഹം ചികിത്സിക്കുന്നു. കുഞ്ഞുങ്ങൾ മുതൽ വൃദ്ധർ വരെ നീളുന്ന രോഗികളുടെ പട്ടികയാണ് ദിനവും മുന്നിലെത്തുക. അവരർപ്പിച്ച വിശ്വാസമാണ് ഈ ഡോക്ടറുടെ ജീവിതത്തിന് ഉന്മേഷം പകരുന്നത്. 29 വർഷം മുമ്പ് ഡോക്ടർ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലുള്ളപ്പോൾ അതീവ ഗുരുതരമായ അവസ്ഥയിൽ വൃക്കമാറ്റിവച്ച് ജീവിതം തിരികെപ്പിടിച്ച കൊല്ലം സ്വദേശി ബാബുവിന്റെ വാക്കുകൾ കടമെടുത്താൽ ഡോ.എബി എബ്രഹാമും അദ്ദേഹത്തിന്റെ ഗുരു പരേതനായ ഡോ.ജെ.സി.എം ശാസ്ത്രിയും സഹപ്രവർത്തകൻ ഡോ.ജേക്കബ് തോമസും (ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് നെഫ്രോളജി വിഭാഗം പ്രൊഫസർ & ഹെഡ്) തന്റെ മുന്നിൽ അവതരിച്ച ദൈവദൂതരാണത്രെ. ഇന്നും ലേക്ക്ഷോറിൽ ഡോ.എബിയെ കാണാൻ ബാബു വരാറുണ്ട്. ഇടയ്ക്കിടെ ഫോണിൽ വിളിക്കുന്നു. ആത്മസംതൃപ്തിയും സന്തോഷവും പകരുന്നതാണ് പഴയ രോഗികളുടെ ഇത്തരം സന്ദർശനങ്ങളും വിളികളുമെന്ന് ഡോക്ടർ പറയുന്നു.
2013ൽ ലേക്ക്ഷോറിൽ വൃക്ക മാറ്റിവച്ച പ്രശസ്ത താന്ത്രികൻ അഴകത്ത് ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാട് 71ാം വയസിലും ചുറുചുറുക്കോടെ ഓടി നടക്കുന്നത് കാണുമ്പോൾ ഡോ. എബിയ്ക്കാണ് അദ്ദേഹത്തിന്റെ ബന്ധുക്കളെക്കാൾ സന്തോഷം. കേരളത്തിനും പുറത്തുമുള്ള അഞ്ഞൂറോളം ക്ഷേത്രങ്ങളിൽ തന്ത്രിസ്ഥാനം വഹിക്കുന്ന, അനവധി ശിഷ്യരുള്ള ശാസ്തൃശർമ്മൻ നമ്പൂതിരിപ്പാടിന് നിന്നു തിരിയാൻ നേരമില്ല. ദീർഘയാത്രകളും കുറവല്ല. വൃക്കമാറ്റിവച്ചുള്ള ജീവിതമാണ് അദ്ദേഹത്തിന്റേതെന്ന് അറിയാവുന്നവർ തന്നെ ചുരുക്കം.
സമ്പത്തും പദവിയും പ്രശസ്തിയുമൊന്നുമല്ല ആരോഗ്യമാണ് ഏറ്റവും വലിയ ധനമെന്ന് നമ്മൾ തിരിച്ചറിയുന്നത് രോഗികളാകുമ്പോഴാണ്. വിശ്രമമില്ലാതെ തിരക്കുകൾക്ക് പിന്നാലെ പായുമ്പോഴും രുചിമാത്രം നോക്കി അളവില്ലാതെ ഭക്ഷിക്കുമ്പോഴും നമ്മുടെ ശരീരം ഓവർടൈം ജോലി ചെയ്യുകയാണെന്ന് ബോധം വേണം. ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ടതും സങ്കീർണവുമായ ഒരവയവം കൂടിയാണ് വൃക്ക. അതിന് ദൈവം ഒരു സ്റ്റെപ്പിനി കൂടി തന്നിട്ടുണ്ട്. ജീവിതകാലത്തേക്ക് ഒരു വൃക്ക മതിയാകും. എന്നിട്ടും ജീവിതശൈലിയും ദുസ്വഭാവങ്ങളും കൊണ്ട് രണ്ട് വൃക്കകളെയും നശിപ്പിക്കുന്നതിന് ന്യായീകരണമേതുമില്ല. വൃക്കകൾ തകരാറിലായാൽ വലിയ സങ്കീർണതകളില്ലാതെ മാറ്റിവയ്ക്കാനാകുമെന്നതാണ് ഒരാശ്വാസം. ജീവിതാന്ത്യം വരെ മരുന്നും വേണ്ടിവരും.
പക്ഷേ പകരം വൃക്ക ലഭിക്കാനുള്ള ബുദ്ധിമുട്ട്, അതിന് വേണ്ടി വരുന്ന ചെലവ്, ബന്ധുക്കളുടെ കഷ്ടപ്പാടുകൾ എന്നിവ നിസാരമല്ലെന്ന് 1500 ൽ അധികം വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വേണ്ടിയും തുടർന്നുമുള്ള ചികിത്സാ നിർണയത്തിനും നേതൃത്വം നൽകിയ ഡോ.എബി എബ്രഹാം ഓർമിപ്പിക്കുന്നു.
2009 ൽ ഫാ. ഡേവിസ് ചിറമേലും പിന്നാലെ വ്യവസായ പ്രമുഖൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും വൃക്കദാനത്തിന് മുന്നോട്ടുവന്നത് കേരളത്തിലെ വൃക്കമാറ്റിവയ്ക്കൽ ചികിത്സയിലെയും അവയവ ദാനത്തിലെയും വഴിത്തിരിവായിരുന്നു. രണ്ട് ശസ്ത്രക്രിയകളും നടന്നത് ലേക്ക് ഷോറിൽ തന്നെ. ഡോക്ടറുടെ മുൻകൈയിൽ ലേക്ക് ഷോർ തുടക്കമിട്ട വൃക്കദാന സന്ദേശത്തിന്റെ ഫലപ്രാപ്തി കൂടിയായി ഈ സംഭവം. ആരോഗ്യവാനായ ആൾ ഒരു വൃക്ക ദാനം ചെയ്യുന്നതുകൊണ്ട് കുഴപ്പവുമില്ലെന്നും ഒരാൾക്ക് ജീവിതം തിരികെനൽകുന്നതാണ് ആ ദാനമെന്നുമുള്ള സത്യം ജനമനസുകളിലേക്ക് എത്തിക്കാനായത് ഇവരുടെ സുമനസുകൊണ്ടാണ്.
തുടർന്ന് പേര് വെളിപ്പെടുത്താൻ ഇഷ്ടപ്പെടാത്ത നിരവധി പ്രമുഖരും ക്രൈസ്തവ പുരോഹിതരും കന്യാസ്ത്രീകളും വൃക്കദാനത്തിന് തയ്യാറായി. നൂറിലേറെപ്പേരെങ്കിലും ഇങ്ങിനെ തിരശീലയ്ക്ക് പിന്നിൽ നിന്ന് അവയവദാനമെന്ന ജീവദാനത്തിൽ പങ്കാളികളായി.
പൂർണ ആരോഗ്യവാന്മാരാകണം അവയവദാനം ചെയ്യേണ്ടത്. മാനദണ്ഡങ്ങളും അങ്ങിനെ തന്നെയാണ്. അല്ലെങ്കിൽ ദാതാവിന്റെ ജീവനും അപകടത്തിലാകാം. ഇക്കാരണങ്ങളാൽ മക്കൾക്ക് വേണ്ടിയും ജീവിതപങ്കാളിക്ക് വേണ്ടിയും ചെറിയ ആരോഗ്യ പ്രശ്നങ്ങളുള്ള മാതാപിതാക്കളും പങ്കാളിയും വൃക്കദാനത്തിന് മുന്നോട്ടുവന്ന് നിർബന്ധം പിടിച്ചാലും നിരസിക്കേണ്ടി വരുന്നുണ്ട്. അച്ഛനമ്മമാർക്കും സഹോദരങ്ങൾക്കും ദമ്പതിമാർക്കും മാത്രമേ ലളിതമായ ആശുപത്രി നടപടിക്രമങ്ങളിലൂടെ അവയവദാനത്തിന് അനുമതി ലഭിക്കൂ. അല്ലാത്തവരുടെ ദാനത്തിന് സർക്കാർ രൂപീകരിച്ച മെഡിക്കൽബോർഡിന്റെ അനുമതി അനിവാര്യമാണ്.
അനുഭവ സമ്പത്തിന്റെ കരുത്ത്
വെല്ലൂർ സി.എം.സി യിൽ നിന്ന് എം.ബി.ബി.എസും പോസ്റ്റ് ഗ്രാജുവേഷനും പൂർത്തിയാക്കി അവിടെതന്നെ ഫാക്കൽറ്റിയായി ഏഴു വർഷത്തെ സേവനത്തിന് ശേഷമാണ് 2002 ൽ എറണാകുളം ലേക്ക് ഷോർ ആശുപത്രിയിലെ നെഫ്രോളജി വിഭാഗത്തിൽ ചുമതല ഏൽക്കുന്നത്.
റോയൽ കോളേജ് ഒഫ് ഫിസിഷ്യൻസ് ഗ്ലാസ്ഗോ, അമേരിക്കൻ സൊസൈറ്റി ഒഫ് നെഫ്രോളി, ഇന്ത്യൻ സൊസൈറ്റി ഒഫ് നെഫ്രോളജി എന്നിവയുടെ ഫെലോഷിപ്പുകളും ഡോക്ടർക്ക് ലഭിച്ചിട്ടുണ്ട്. നിരവധി നെഫ്രോളജി അനുബന്ധ കോൺഫറൻസുകളുടെ സംഘാടകനും പ്രഭാഷകനുമാണ്. ഇന്ത്യൻ സൊസൈറ്റി ഒഫ് ഓർഗൻ ട്രാൻസ്പ്ളാന്റേഷന്റെ നിയുക്ത കോൺഫറൻസ് ഓർഗനൈസിംഗ് ചെയർമാനുമാണ്.
വിദേശ മെഡിക്കൽ ജേർണലുകളിൽ ഉൾപ്പെടെ വൃക്കരോഗവും വൃക്ക മാറ്റിവയ്ക്കലും സംബന്ധിച്ച് നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഡയാലിസിസിന് വിധേയരായിരുന്ന കാലത്ത് കൊവിഡ് ബാധിച്ച 9 പേരെ രോഗമുക്തരായശേഷം വിജയകരമായ വൃക്കമാറ്റിവയ്ക്കലിന് വിധേയമാക്കിയത് ഡോ.എബി എബ്രഹാമിന്റെ ചികിത്സാ ചരിത്രത്തിലെ പ്രധാന നേട്ടങ്ങളിലൊന്നാകുന്നു.
ഡോ. എബിയിൽ നിന്നുള്ള ചികത്സയ്ക്കായി പശ്ചിമേഷ്യയിൽ നിന്നുൾപ്പടെ വിദേശരാജ്യങ്ങളിലെ രോഗികൾ ലേക്ക് ഷോർ ആശുപത്രിയെ ആശ്രയിക്കുന്നുണ്ട്. രോഗം സുഖപ്പെട്ട് പോയവരാണ് അന്യനാടുകളിൽ ഈ ചികിത്സകന്റെ സുവിശേഷ പ്രചാരകർ.
ഡോ.എബിയുടെ
ഉപദേശം
പ്രധാനമായും ഡയബെറ്റ്സ്, ഹൈപ്പർടെൻഷൻ എന്നിവയാണ് ജീവിതശൈലിയിലൂടെ ആർജിക്കുന്ന രോഗങ്ങൾ. ഇവതന്നെയാണ് മുഖ്യമായും വൃക്കരോഗങ്ങളിലേക്കും നയിക്കുന്നത്. ഗുരുതരാവസ്ഥയിലാകുംവരെ ഇതൊന്നും തിരിച്ചറിയുകയുമില്ല. 40 വയസിന് മുകളിൽ കൃത്യമായ ഇടവേളകളിൽ ആരോഗ്യപരിശോധന നടത്തുന്ന ശീലം പൊതുവേ നമ്മളിൽ കുറവാണ്. അതുകൊണ്ടുതന്നെ രോഗത്തിന്റെ സങ്കീർണത തിരിച്ചറിയുമ്പോഴേക്കും വളരെ വൈകിപ്പോവുകയാണ് പതിവ്. വൃക്കരോഗം പ്രകടമായ രോഗലക്ഷണങ്ങളൊന്നുമില്ലാതെ ഏറെക്കാലം മുന്നോട്ടുപോകും. ഡോക്ടറെ സമീപിക്കുമ്പോൾ ചിലർക്കൊക്കെ ഡയാലിസിസ് കൊണ്ട് ഭേദമാകും. പക്ഷേ കൂടുതൽ പേർക്ക് വൃക്ക മാറ്റിവയ്ക്കേണ്ടതായി തന്നെ വരും. ഇല്ലെങ്കിൽ ഡയാലിസിസ് അനിവാര്യമാകും. വൃക്കകൾ നിർവഹിക്കുന്ന ജോലികൾക്ക് സമ്പൂർണ പരിഹാരവുമല്ല ഡയാലിസിസ്.
ആരോഗ്യജീവിതത്തിന്
മിതമായ ഭക്ഷണം മതി. ഉപ്പും പുളിയും മധുരവും മത്സ്യവും മാംസവും എല്ലാം കഴിച്ചുതന്നെ വേണം ജീവിക്കാൻ. പക്ഷേ നിയന്തണ്രം വേണം.
മിതമായ വ്യായാമം: മുടങ്ങാതെ ശരീരം അനുവദിക്കുന്ന രീതിയിൽ വ്യായാമം. അമിതവണ്ണം പാടില്ല.
ദിവസം 2.5 മുതൽ 3 ലിറ്റർ വെള്ളം കുടിക്കുക. ഇടവിട്ട് അൽപ്പാല്പമായി കുടിക്കുക. ശരീരത്തിൽ നീരോ, വൃക്കയുടെയോ ഹൃദയത്തിന്റെയോ അസുഖമുണ്ടെങ്കിൽ വെള്ളത്തിന്റെ അളവ് ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം ക്രമീകരിക്കുക.
മദ്യപാനശീലമുണ്ടെങ്കിൽ ഉപേക്ഷിക്കുന്നത് തന്നെ നല്ലത്.
പുകവലി പാടേ ഒഴിവാക്കുക
40 കഴിഞ്ഞാൽ വർഷത്തിലൊരിക്കൽ മെഡിക്കൽ ചെക്കപ്പ്. രോഗത്തിന് തുടക്കത്തിലേ ചികിത്സ.
പ്രമേഹവും രക്തസമ്മർദവും ഉണ്ടായാൽ കൃത്യമായ ചികിത്സ മുടങ്ങാതെ തുടരുക.
വൃക്കരോഗം കണ്ടെത്തിയാൽ ഭക്ഷണകാര്യത്തിൽ കർശനമായ ചിട്ടകളും നിയന്ത്രണങ്ങളും വേണം.