കൊച്ചി: ഹൈബി ഈഡൻ എം. പി നടപ്പിലാക്കുന്ന റീബിൽഡ് ചെല്ലാനം പദ്ധതി സിനിമ താരം ടോവിനോ തോമസ് ഉദ്ഘാടനം ചെയ്തു. കടൽക്ഷോഭത്തിൽ വീട് തകർന്നവരുടെ നാലു ഭവനങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 12 വീടുകൾ പണി കഴിപ്പിക്കുമെന്ന് എം. പി പറഞ്ഞു. ടോവിനോ തോമസാണ് പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ. ഓഖി ദുരന്തത്തിൽ മരിച്ച റെക്‌സന്റെ കുടുംബത്തിനുള്ള പുതിയ വീടിന് ടോവിനോ തറക്കല്ലിട്ടു. റെക്‌സന്റെ ഭാര്യയും മൂന്ന് ചെറിയ മക്കളുമാണ് പുതിയ വീട്ടിലെ താമസക്കാർ.
ആസ്റ്റർ ഡി .എം. ഫൗണ്ടേഷന്റെ ആസ്റ്റർ ഹോംസ് പദ്ധതി, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഗ്ലോബൽ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചാളക്കടവ്, കമ്പനിപ്പടി, മാളികപ്പറമ്പ് എന്നിവിടങ്ങളിലെ മൂന്നു വീടുകൾക്കും ഇന്നലെ തറക്കല്ലിട്ടു.
ചടങ്ങിൽ ആസ്റ്റർ മെഡിസിറ്റി സി .ഇ. ഒ അമ്പിളി വിജയരാഘവൻ, ആസ്റ്റർ ഡി .എം .ഫൗണ്ടേഷൻ സീനിയർ മാനേജർ ലത്തീഫ് കാസിം, റോട്ടറി ക്ലബ് ഒഫ് കൊച്ചിൻ ഗ്ലോബൽ പ്രസിഡന്റ് ഡോ പരശുറാം ഗോപിനാഥ്, ഭാരവാഹികളായ ഇ പി ജോർജ്, ബിനൂപ് പോൾ, ഡോ മീനു ബത്ര പരശുറാം, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി പ്രസാദ്, ജില്ലാ പഞ്ചായത്ത് മെമ്പർ ദീപു കുഞ്ഞുകുട്ടി,വാർഡ് മെമ്പർമാരായ സെബാസ്റ്റ്യൻ, അനില സെബാസ്റ്റ്യൻ, കൊച്ചി മുൻ മേയർ ടോണി ചമ്മിണി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷാജി കുറുപ്പശേരി തുടങ്ങിയവർ പങ്കെടുത്തു.