കൊച്ചി: കോൺഗ്രസ് നേതാവും എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറിയുമായ എസ്.ഡി. സുരേഷ് ബാബു എൻ.സി.പി യിലേക്ക്.
കെ.എസ്.യു വിലൂടെയാണ് സുരേഷ് ബാബു സജീവ രാഷ്ട്രീയത്തിൽ എത്തിയത്. ദീർഘകാലം ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗം, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ ബാങ്ക് ഡയറക്ടർ, കോട്ടയം കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ്, 23 വർഷം ബ്രഹ്മമംഗലം ഗ്രാമസ്വരാജ് ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
എസ്.എൻ.ഡി.പി. യോഗം കൗൺസിലർ, അസിസ്റ്റന്റ് സെക്രട്ടറി, വൈക്കം യൂണിയൻ പ്രസിഡന്റ് എന്നി നിലകളിലും സാമൂഹ്യ രാഷ്ട്രീയ രംഗത്ത് നിരവധി വർഷത്തെ പ്രവൃത്തി പരിചയമുണ്ട്. രണ്ടു പതിറ്റാണ്ടിലേറെയായി കോട്ടയം ജില്ലാ വോളി ബോൾ അസോസിയേഷൻ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി പ്രവർത്തിച്ചുവരികയാണ്. എം.ബി. എ., എൽ.എൽ.ബി. ബിരുദധാരിയാണ്.
ഇന്നലെ എൻ.സി.പി സംസ്ഥാന പ്രസിഡന്റ്പി.സി.ചാക്കോയുടെ ക്ഷണപ്രകാരം കൊച്ചിയിലെ ഓഫീസിലെത്തിയ എസ്.ഡി.സുരേഷ് ബാബുവിനെ പി.സി ചാക്കോ ഷാൾ അണിയിച്ചു സ്വീകരിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.ആർ.രാജൻ, സുഭാഷ് പുഞ്ചകോടൻ, വി.ജി രവീന്ദ്രൻ, എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്‌സൽകുഞ്ഞുമോൻ തുടങ്ങി നിരവധി നേതാക്കൾ സന്നിഹിതരായിരുന്നു.