കളമശേരി: നഗരസഭയിൽ നിലാവ് പദ്ധതി അട്ടിമറിച്ചെന്ന് പ്രതിപക്ഷo ആരോപണമുന്നയിച്ചു. ഇന്നലെ ഓൺലൈനിൽ നടന്ന കൗൺസിൽ യോഗം തുടങ്ങുമ്പോൾ അജണ്ടയിൽ കൊവിഡ് വാക്സിൻ വിതരണം ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചു. അതിനുശേഷം മറ്റ് അജണ്ടകൾ എടുത്താൽ മതിയെന്ന നിലപാടിനോട് ഭരണപക്ഷവും യോജിച്ചു. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വാക്സിൻ നൽകാനുള്ള പശ്ചാത്തല സൗകര്യമൊരുക്കുന്നതിൽ വന്ന വീഴ്ചകൾ കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരെ കൃത്യമായി ഉപയോഗിച്ച് വാക്സിൻ വിതരണം ശക്തമാക്കണമെന്ന് ആവശ്യമുയർന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് ആവശ്യമായ ഇടപെടൽ നടത്താമെന്ന ചെയർപേഴ്സന്റെ ഉറപ്പിലാണ് യോഗം ആരംഭിച്ചത്. ചെയർപേഴ്‌സൺ സീമ കണ്ണൻ അദ്ധ്യക്ഷയായി. പ്രതിപക്ഷത്തുനിന്ന് ഹെന്നി ബേബി, ടി.എ. അസൈനാർ, കെ.കെ. ശശി, കെ.ടി .മനോജ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.