കൊച്ചി: ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിറസാന്നിദ്ധ്യം. ക്രമസമാധാന പാലനത്തിൽ കർക്കശക്കാരൻ. പൊലീസ് മേധാവിയുടെ ബാഡ്ജ് ഒഫ് ഓണർ തിളക്കത്തിൽ കൊച്ചിയുടെ സ്വന്തം കെ.ലാൽജി വീണ്ടും എറണാകുളത്തേക്ക്. കൊച്ചി സിറ്റി സെൻട്രൽ അസി. കമ്മിഷണറായാണ് മടക്കം.

ഏലൂർ ഐശ്വര്യ ജുവലറിയിലെ മോഷണ കേസ് പ്രതികളെ 10 ദിവസത്തിനുള്ളിൽ വലയിലാക്കിയ അന്വേഷണ മികവിനാണ് ബാഡ്ജ് ഒഫ് ഓണർ അംഗീകാരം. തൊട്ടു പിന്നാലെയായിരുന്നു ഇരട്ടിമധുരമായി ഇഷ്ട തട്ടകമായ എറണാകുളത്തേക്ക് സ്ഥലം മാറ്റവും ലാൽജിയെ തേടിയെത്തിയത്.

26 ആറ് വർഷം നീണ്ട സർവീസ് കാലയളവിനിടെ 2011ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും 200ലേറെ തവണ ഗുഡ് സർവീസ് എൻട്രികളും ലാൽജിക്ക് ലഭിച്ചിട്ടുണ്ട്.

ഹരിപ്പാട് സ്വദേശിയായ ലാൽജി കഴിഞ്ഞ 15 വർഷത്തിലേറെയായി വൈറ്റിലയിലാണ് താമസം.തിരഞ്ഞെടുപ്പ് സമയത്ത് പീരുമേട് ഡിവൈ.എസ്.പിയായി സ്ഥലം മാറിയ അദ്ദേഹം രണ്ടു ദിവസത്തിനുള്ളിൽ എറണാകുളത്ത് ചാർജെടുക്കും. ലോക്ക്ഡൗണിൽ ദുരിതത്തിലായ പീരുമേടുകാ‌ർക്ക് ഭക്ഷ്യക്കിറ്രു നൽകാനും കൊവിഡ് ബാധിതരെ ആശുപത്രികളിൽ എത്തിക്കാനും മുന്നിലുണ്ടായിരുന്നു.

2020 നവംബർ 15നാണ് ഏലൂർ എഫ്.എ.സി.ടി ജംഗ്ഷനിലെ ഷോപ്പിംഗ് കോംപ്ലക്‌സിലുള്ള ഐശ്വര്യ ജുവലറിയുടെ ഭിത്തി തുരന്ന് 326 പവൻ സ്വർണവും 25 കിലോ വെള്ളിയും ബംഗ്ലാദേശി സംഘം കവർന്നത്. കേരളം വിട്ട പ്രതികൾ ബംഗാളിൽ നിന്ന് അതിർത്തി കടക്കാനുള്ള ശ്രമിക്കുന്നതിനിടെയാണ് ലാൽജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇവരെ സാഹസികമായി പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘത്തെ അന്ന് കൊച്ചി സിറ്രി പൊലീസും ആദരിച്ചിരുന്നു.