154
നഗരസഭ ഉദ്യോഗസ്ഥർ ഫയലുകൾ തിരികെ കൊണ്ടുപോകുന്നു

തൃക്കാക്കര: തൃക്കാക്കര നഗരസഭ ഓഫീസി​ൽ നി​ന്ന് ഫയലുകൾ പുറത്തേക്ക് കൊണ്ടുപോകാനുള്ള ശ്രമം കൗൺസിലർമാർ തടഞ്ഞു. അനധി​കൃതമായാണ് ഇവ കൊണ്ടുപോകുന്നതെന്നും ചി​ല ഫയലുകൾ വി​ജി​ലൻസ് കേസുകളി​ൽ ഉൾപ്പെട്ടതാണെന്നും ഇവർ ആരോപി​ക്കുന്നു.

ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.

പൊതുമരാമത്ത് വിഭാഗത്തിലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളെയും ഭക്ഷ്യകിറ്റ് വിതരണത്തെയും സംബന്ധി​ച്ച് പ്രതിപക്ഷം കഴിഞ്ഞയാഴ്ച വിജിലൻസിന് പരാതി കൊടുത്തിരുന്നു. ഈ ഫയലുകൾ മുക്കാൻ ശ്രമിക്കുകയാണെന്നാണ് ആരോപണം. നഗരസഭ വാഹനത്തിൽ കൊണ്ടുപോകാൻ ശ്രമിച്ച ഫയലുകൾ കൗൺസിലർമർ തടഞ്ഞതി​നെ തുടർന്ന് തി​രി​കെ ഓഫീസിൽ വച്ചു.

ലീവി​ലുള്ള സെക്രട്ടറി​യുടെ വീട്ടി​ൽ ഒപ്പീടിക്കാൻ കൊണ്ടുപോയ ഫയലുകളാണി​വയെന്നാണ് ഉദ്യോഗസ്ഥരുടെ വിശിദീകരണം.

15 ദിവസമായി സെക്രട്ടറി നഗരസഭയിൽ വരുന്നില്ല. പകരം ചാർജ് കൊടുത്തിട്ടുമില്ല.

എൽ.ഡി.എഫ് കൗൺസിലർ എം.ജെ ഡിക്‌സൺ, സ്വതന്ത്ര കൗൺസിലർ പി.സി മനൂപ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം തടഞ്ഞത്.