തിരുവനന്തപുരം: മകനേ.... എന്നു വിളിച്ച് പുഞ്ചിരിയോടെ മാത്രം കാണുമായിരുന്ന സുമുഖനായ എസ്.എ. അസീം സാഹിബ് ഇനി ഓർമ്മ മാത്രം. സംസ്ഥാന ലീഗൽ മെട്രോളജി വകുപ്പ് തലവനായി വിരമിച്ച അദ്ദേഹം, വിദ്യാർത്ഥിയായിരിക്കെ തുടങ്ങിയ പൊതുജീവിതത്തിലൂടെ തലസ്ഥാന നഗരത്തിന്റെ ഹൃദയത്തിൽ മായാത്ത സ്മരണകൾ ബാക്കിവച്ചാണ് കഴിഞ്ഞ ദിവസം എൺപത്തിയാറാം വയസിൽ അന്തരിച്ചത്.

പാളയം ജുമാ മസ്ജിദ് പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചപ്പോൾ സർവസമുദായ മൈത്രിയുടെ സന്ദേശം പ്രചരിപ്പിക്കാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ മറക്കാവുന്നതല്ല. ക്രിസ്‌മസിന് വൈ.എം.സി.എയിലെ കേക്ക് മിക്‌സിംഗിന് നേതൃത്വം കൊടുക്കാനും, ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുന്നവർക്ക് സൗകര്യങ്ങൾ ചെയ്തുകൊടുക്കാനും, സക്കാത്ത് വിതരണത്തിന് കൃത്യത പാലിക്കാനും ഒരുപോലെ നായകത്വം വഹിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു.

തിരുവനന്തപുരം മുസ്‌ലിം അസോസിയേഷൻ വൈസ് പ്രസിഡന്റ് എന്ന നിലയിൽ സംഘടനയുടെയും എൻജിനിയറിംഗ്, ആർട്സ് കോളേജുകളുടെയും പബ്ളിക് സ്കൂളിന്റെയും വികസനത്തിനായി കഠിനാദ്ധ്വാനം ചെയ്തു. യൂണിവേഴ്സിറ്റി കോളേജ് അലൂമ്‌നി സീനിയർ സിറ്റിസൺസ് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിൽ അസീസും സംഘവും നടത്തിയ പ്രവർത്തനങ്ങൾ ആ കലാലയത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അധികൃതർക്ക് വലിയ സഹായമായി.

ഏറ്റവുമൊടുവിൽ, കഴിഞ്ഞവർഷം തന്റെ ഗുരുനാഥനായിരുന്ന പ്രൊഫ. എസ്. ഗുപ്തൻ നായരുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് കേന്ദ്ര സാഹിത്യ അക്കാഡമി സംഘടിപ്പിച്ച ചടങ്ങിൽ അസീം സാർ നടത്തിയ അനുസ്മരണം ശ്രദ്ധേയമായിരുന്നു. ഗുരു ചെറുപ്പത്തിൽ പാടിച്ച്, സമ്മാനം നൽകിയ റഫിഗാനം പാടിയാണ് അദ്ദേഹം ആ അനുസ്‌മരണം അവസാനിപ്പിച്ചത്. ഹിന്ദുസ്ഥാനി സംഗീതം മാത്രമല്ല, മലയാളത്തിലും ഒട്ടേറെ ഗാനങ്ങൾ അദ്ദേഹം പാടിയിരുന്നു.

നഗരത്തിലെ പാളയം പ്രദേശം പട്ടാളക്കാരുടെ സങ്കേതമായിരുന്ന കാലത്ത് ഡക്കാണിൽ നിന്നെത്തിയ മുസ്‌ലിം പടയാളികളുടെ സൗകര്യാർത്ഥമാണ് മസ്ജിദ് തന്നെ രൂപമെടുക്കുന്നത്. ദഖ്‌നി​ മുസ്‌ലിം സമൂഹത്തി​ന്റെ നേതൃത്വം അവസാനം വരെ അദ്ദേഹത്തി​ന്റെ ചുമലി​ലായി​രുന്നു. ഓൾ കേരള ദഖ്നി​ മുസ്‌ലിം ഫെഡറേഷന്റെ സ്ഥാപക പ്രസി​ഡന്റ് കൂടിയായിരുന്നു. നല്ലൊരു നീന്തൽക്കാരനും കായിക പ്രേമിയും കൂടിയായിരുന്നു അസീം സാർ. എല്ലാവരെയും ചേർത്തുപിടിച്ച ആ സൗമ്യഹൃദയനെ തലസ്ഥാനം മറക്കില്ല.