കൊച്ചി: നിസാൻ ഇന്ത്യൻ വിപണിയിലെത്തിച്ച സബ്-കോംപാക്‌റ്റ് എസ്.യു.വിയായ മാഗ്‌നൈറ്റിന്റെ വില്പന 15,000 യൂണിറ്റുകൾ പിന്നിട്ടു. ഇതിൽ 13,790 എണ്ണം ആഭ്യന്തര വിപണിയിലും 1,220 എണ്ണം വിദേശത്തുമാണ്. നേപ്പാൾ, ഇൻഡോനേഷ്യ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്ക് മാഗ്‌നൈറ്റിന്റെ കയറ്റുമതിയും നിസാൻ നടത്തുന്നുണ്ട്.
മെയ്ക്ക് ഇൻ ഇന്ത്യ, മെയ്ക്ക് ഫോർ ദ വേൾഡ് എന്നീ ആപ്‌തവാക്യവുമായി നിസാൻ അവതരിപ്പിച്ച മാഗ്‌നൈറ്റ്, നേപ്പാൾ വിപണിയിലെത്തിയത് ഈ വർഷം ഫെബ്രുവരിയിലാണ്. തുടർന്ന് 30 ദിവസത്തിനകം തന്നെ 760ലേറെ ബുക്കിംഗ് നേടി. നേപ്പാളിൽ പ്രതിമാസം വിറ്റഴിയുന്ന പാസഞ്ചർ വാഹനങ്ങളുടെ എണ്ണം ശരാശരി 1,580 മാത്രമാണെന്നിരിക്കേയാണ് നിസാൻ മാഗ്‌നൈറ്റ് ശ്രദ്ധേയ ബുക്കിംഗ് സ്വന്തമാക്കിയത്. 5.59 ലക്ഷം രൂപയിൽ വിലയാരംഭിക്കുന്ന മാഗ്‌നൈറ്റിന് ഒരു ലിറ്ററിന്റെ പെട്രോൾ, ടർബോ പെട്രോൾ പതിപ്പുകളുണ്ട്.